പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച പ്രതി പിടിയില്‍. മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജ് എന്ന വ്യക്തിയാണ് പിടിയിലായത്. ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ തിരുവനന്തപുരം ഏരീസ്‌പ്ലെക്‌സ് തിയറ്ററില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. തിയറ്ററുകളില്‍ നിന്ന് സിനിമ റെക്കോര്‍ഡ് ചെയ്ത് വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് വിവരം. കൊച്ചി സിറ്റി സൈബര്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചതിന് പിന്നാലെ നിര്‍മാതാവായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഡയറക്ടര്‍ സുപ്രിയ മേനോന്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ ചിത്രീകരണം നടന്നത് തിരുവന്തപുരം ഏരീസ്‌പ്ലെക്‌സില്‍ നിന്നാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അനുയോജ്യമായ സീറ്റിംഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉപയോഗിച്ചാണ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായും പൊലീസ് അറിയിച്ചു.
പൃഥ്വിരാജ്, നിഖില വിമല്‍, ബേസില്‍ ജോസഫ് അനശ്വര രാജന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ടെയിന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തു വന്നതിന് പിന്നാലെ ഈ സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സര്‍ഗ്ഗാത്മകതയും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണം എന്നും പൈറസിയോട് നോ പറയൂ എന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.