തുടർച്ചയായി തന്റെ സിനിമകൾ വിജയിക്കാതെ വരുമ്പോൾ അത് ഇൻഡസ്ട്രിയിലുള്ളവർക്ക് സന്തോഷം നൽകാറുണ്ടെന്ന് വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. താൻ അത് സ്വയം കണ്ടിട്ടുണ്ടെന്നും, കഠിനാധ്വാനം തുടർന്നുകൊണ്ടിരിക്കുക എന്നത് മാത്രമാണ് വിജയത്തിലേക്കുള്ള വഴി എന്നും അക്ഷയ് കുമാർ പറഞ്ഞു. എന്റെ ഗോഡ്ഫാദറായ പ്രമോദ് ചക്രവർത്തി അദ്ദേഹമാണ് എന്റെ കരിയറിലെ ആദ്യത്തെ ബ്രേക്ക് എനിക്ക് തന്നത്. അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത് എപ്പോഴും ഒരു നിർമാതാവിനൊപ്പം നില കൊള്ളുക എന്നാണ്. ഒരു നിർമാതാവ് എന്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും അയാൾക്കൊപ്പം പോവുകയും അയാളുടെ വേദനകൾ സ്വയം ഉൾക്കൊള്ളാൻ പഠിക്കുകയും ചെയ്യണമെന്നാണ് എന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞു.
അക്ഷയ് കുമാർ പറഞ്ഞത്:
എന്റെ മൂന്നും നാലും സിനിമകൾ വിജയിച്ചില്ലെങ്കിൽ ഇൻഡസ്ട്രിയിലുള്ള ആളുകൾക്ക് അത് സന്തോഷമാണ്, ഞാൻ അത് സ്വയം കണ്ടിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഒരു ചെറിയ കഥ പറഞ്ഞു തരാം. അടുത്തിടെ നടന്ന കാര്യമാണ്. ഞാൻ റെഡ് കാർപ്പറ്റിലൂടെ നടന്ന് പോവുകയായിരുന്നു. ഒരുപാട് ചാനലുകൾ അവിടെ ചോദ്യം ചോദിക്കാനായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഒരു ചാനൽ എന്റെ നേരെ മെെക്ക് നീട്ടി. ഞാൻ ആ ചാനലിന്റെ പേര് പറയുന്നില്ല. അക്ഷയ് ജീ നിങ്ങളുടെ കഴിഞ്ഞ അഞ്ചോ ആറോ പടങ്ങൾ വിജയിച്ചിട്ടില്ല, നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന്?. ഞാൻ അദ്ദേഹത്തെ നോക്കി, അയാളുടെ മെെക്കിൽ ചാനലിന്റെ ലോഗോ ഉണ്ടായിരുന്നു. ഞാൻ അവനോട് പറഞ്ഞു നിന്റെ ചാനൽ വിജയിക്കുന്നില്ലല്ലോ അതുപോലെ തന്നെ ഇതും എന്ന്. അത് അദ്ദേഹത്തിന് വളരെ നാണക്കേടായി. ഞാൻ അവിടെ നിന്ന് പോന്നു. അദ്ദേഹം അവിടെ നിന്ന എല്ലാവരോടും പറഞ്ഞു ഈ ചോദ്യം ആരും ടെലികാസ്റ്റ് ചെയ്യരുത് എന്ന്. എന്റെ സിനിമ വിജയിക്കാതെ വരുമ്പോൾ ഞാൻ ഇത് കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് നിങ്ങൾ കഠിനാധ്വാനം തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ചിലപ്പോൾ സിനിമ വിജയിക്കും ചിലപ്പോൾ വിജയിക്കില്ല. അതാണ് ഞാൻ പിന്തുടരുന്നത്. എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് മോനെ ജോലി തുടർന്നുകൊണ്ടിരിക്കുക, നിന്റെ ജോലിയിൽ നീ സത്യന്ധനായി ഇരിക്കുക ഒരുപാട് ആളുകൾ വന്ന് നിന്നെ ഉപദേശിക്കും പക്ഷേ നീ നിനക്ക് എന്താണോ തോന്നുന്നത് അത് മാത്രം പിന്തുടരുക എന്ന്. എന്റെ ഗോഡ്ഫാദറായ പ്രമോദ് ചക്രവർത്തി എന്നോട് പറഞ്ഞിട്ടുള്ളത് എപ്പോഴും ഒരു നിർമാതാവിനൊപ്പം നില കൊള്ളുക എന്നാണ്. ഒരു നിർമാതാവ് എന്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും അയാൾക്കൊപ്പം പോവുക. അയാളുടെ വേദനകൾ സ്വയം ഉൾക്കൊള്ളാൻ പഠിക്കുക. പല സമയങ്ങളിലും നിർമാതാവ് വലിയ നഷ്ടങ്ങളിലൂടെ കടന്നു പോകാറുണ്ട്. അദ്ദേഹത്തോടൊപ്പം നിൽക്കുക. അതിനൊപ്പം മുന്നോട്ട് പോവുക. ഇത് ഞാൻ നിങ്ങളോട് പറയുന്നത് ഇനി പുതുതായി വരുന്ന ആൾക്കാർ കേൾക്കാനും അവർക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനെ പിന്തുടരാനും വേണ്ടിയിട്ടാണ്.