'വെറുപ്പില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങളെ പരിഗണിക്കുന്നില്ല, അതൊന്നും തന്നെ ബാധിക്കുന്നതല്ല': പാര്‍വ്വതി തിരുവോത്ത്

'വെറുപ്പില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങളെ പരിഗണിക്കുന്നില്ല, അതൊന്നും തന്നെ ബാധിക്കുന്നതല്ല': പാര്‍വ്വതി തിരുവോത്ത്
Published on

വെറുപ്പില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങളെ താന്‍ പരിഗണിക്കുന്നില്ലന്ന് നടി പാര്‍വ്വതി തിരുവോത്ത്. വരുന്ന വിമര്‍ശനത്തിന് പിന്നിലുള്ള താല്പര്യമെന്താണെന്നാണ് താന്‍ ശ്രദ്ധിക്കാറുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍, തോല്‍വികളെയും വിമര്‍ശനങ്ങളെയും പോലെ മികച്ച അധ്യാപകര്‍ വേറെയില്ലെന്നും സുഹൃത്തുക്കളും കുടുംബവും തന്നെ വിമര്‍ശിക്കാറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ആന്തോളജി സീരിസില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലാണ് പാര്‍വ്വതി തിരുവോത്ത് അഭിനയിച്ചിരിക്കുന്നത്. കൂടാതെ 'തങ്കലാന്‍' എന്ന തമിഴ് ചിത്രവും നടിയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

പാര്‍വ്വതി തിരുവോത്ത് പറഞ്ഞത്:

വരുന്ന വിമര്‍ശനത്തിന് പിന്നിലുള്ള താല്പര്യമെന്താണെന്നാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. എന്റെ സുഹൃത്തുക്കള്‍ എന്നെ വിമര്‍ശിക്കാറുണ്ട്. എന്റെ കുടുംബം എന്നെ വിമര്‍ശിക്കാറുണ്ട്. വിമര്‍ശനം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. സത്യസന്ധമായി പറഞ്ഞാല്‍ തോല്‍വികളെയും വിമര്‍ശനങ്ങളെയും പോലെ മികച്ച അധ്യാപകര്‍ വേറെയില്ല. മനസ്സ് തുറന്നിരുന്നാല്‍ ഒരുപാട് കാര്യങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ടാവും. പക്ഷെ വിമര്‍ശനം വെറുപ്പില്‍ നിന്നാണ് വരുന്നതെങ്കില്‍ ആ വാതില്‍ എന്നും അടച്ചിടാനാണ് തീരുമാനം. ആ വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കുന്നതല്ല.

ആഗസ്റ്റ് 15ന് റിലീസിനെത്തുന്ന തമിഴ് ബിഗ് ബഡ്ജറ്റ് ചിത്രം തങ്കലാനില്‍ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനാകുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. പര്‍വതിക്കൊപ്പം അഭിനയിക്കണമെന്നുള്ളത് തന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു എന്നും തങ്കലാനിലൂടെ അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വിക്രം നേരത്തെ പറഞ്ഞിരുന്നു. പാര്‍വ്വതി തിരുവോത്തിനെ കൂടാതെ മലയാളി നടിയായ മാളവികാ മോഹനനും ചിത്രത്തിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in