'ശരികേടുകളെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടി ഞങ്ങൾക്കുമേൽ ചാർത്തരുത്'; സിദ്ദിഖിനും അലൻസിയറിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പാർവതി

'ശരികേടുകളെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടി ഞങ്ങൾക്കുമേൽ ചാർത്തരുത്'; സിദ്ദിഖിനും അലൻസിയറിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പാർവതി
Published on

ആരോപണവിധേയരായ സിദ്ദിഖിനും അലൻസിയറിനുമൊപ്പം അഭിനയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. പലരോടൊപ്പവും അഭിനയിക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത് മൂലം നഷ്ടപ്പെടുന്ന അവസരങ്ങളൊന്നും തന്നെ താൻ നഷ്ടങ്ങളായി കണക്കാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു. അതേസമയം സംവിധായകന്റെ തീരുമാനങ്ങളെ തനിക്ക് ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും പാർവതി പറഞ്ഞു. ഒരു ഘട്ടം വരെ ഇന്നയാളുണ്ടെങ്കിൽ എനിക്ക് പറ്റില്ലെന്ന് പറയാൻ സാധിക്കും. എന്നാൽ അപ്പോഴും നഷ്ടം നമുക്ക് മാത്രമായിരിക്കും. കാരണം അവരെല്ലാം തന്നെ നമ്മളില്ലാതെ പ്രോജക്ടുമായി മുന്നോട്ടുപോകും. അത്തരം ധാരാളം സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ നിയന്ത്രണത്തിൽ എന്തുണ്ട് എന്തില്ലാ എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും അതിജീവിക്കാൻ ശ്രമിക്കുന്നവർ തന്നെ തെറ്റ് ശരിയാക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മാതൃഭൂമിയോട് സംസാരിക്കവേ പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത് പറഞ്ഞത്:

ഇക്കാലയളവുകൊണ്ട് എനിക്ക് ലഭിച്ച പ്രിവിലേജുകളുണ്ട്. അതിൽനിന്നുകൊണ്ട് എനിക്ക് പല കാര്യങ്ങളും ഒഴിവാക്കാൻ പറ്റാറുണ്ട്. അങ്ങനെ പല കാര്യങ്ങളും ഒഴിവാക്കിയിട്ടുമുണ്ട്. പലരുടെ കൂടെയും ജോലി ചെയ്യില്ലെന്ന് പണ്ടേ തീരുമാനിച്ചു. അതോടെ നഷ്ടപ്പെടുന്ന അവസരങ്ങൾ എനിക്ക് നഷ്ടങ്ങളായി തോന്നിയില്ല. ഇതാണ് നമ്മുടെ ജീവനോപാധി. ഞാനൊരു നിർമാതാവല്ലാത്തിടത്തോളം കാലം സംവിധായകൻ തിരഞ്ഞെടുക്കുന്നയാളുടെ കാര്യത്തിൽ ഇടപെടാനുള്ള അവകാശം എനിക്കില്ല. ഒരു ഘട്ടം വരെ എനിക്ക് പറയാം ഇന്നയാളുണ്ടെങ്കിൽ എനിക്ക് പറ്റില്ലാ എന്ന്. പക്ഷേ, അപ്പോഴും നഷ്ടം എന്റേത് തന്നെയായിരിക്കും. കാരണം അവരെല്ലാം തന്നെ നമ്മളില്ലാതെ പ്രോജക്ടുമായി മുന്നോട്ടുപോകും. അത്തരം ധാരാളം സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമ്മുടെ നിയന്ത്രണത്തിൽ എന്തുണ്ട് എന്തില്ല എന്നാണ് നമ്മൾ നോക്കേണ്ടത്. തെറ്റിനിരയാകുന്നതും അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നതും ഞങ്ങളാണ്. എന്നിട്ടാ തെറ്റ് ശരിയാക്കാനുള്ള ഉത്തരവാദിത്വവും ഞങ്ങളുടെമേൽ ചാർത്തിത്തരുന്നത് ശരിയല്ല. ചോദ്യം ഉയരുന്നത് ഞങ്ങൾ സ്ത്രീകൾക്ക് നേരേയാണ്. സംവിധായകന് നേരേയോ നിർമാതാവിന് നേരേയോ ചോദ്യം ഉയരുന്നില്ല. നിങ്ങൾ അവരെ ചോദ്യം ചെയ്യൂ എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അവരോടില്ലെങ്കിൽ എന്നോടെന്തിന്? കാരണം ഞാനല്ലല്ലോ തൊഴിൽ ദാതാവ്. പല കാരണങ്ങൾ കൊണ്ട് എത്ര സ്ത്രീകൾ ഈ ഇൻഡസ്ട്രി വിട്ടുപോയിട്ടുണ്ടെന്നറിയാമോ? സ്ത്രീ സൗഹൃദമല്ലാത്ത ഇൻഡസ്ട്രിയിൽ നിൽക്കണ്ടെന്ന് തോന്നിപ്പോയതിനാലാവാം പലരും ഇവിടം വിട്ടത്. ഇനി എന്നോട് പറ്റില്ലെങ്കിൽ പോയിക്കൂടെ എന്നാണ് ചോദ്യമെങ്കിൽ ഞാൻ പോകുന്നില്ല എന്നാണ് ഉത്തരം. എനിക്കവകാശപ്പെട്ട സ്പേസ് എടുക്കുക എന്നതാണ് ഞാൻ ഈ ചരിത്ര സന്ധിയിൽ ഇവിടെ ചെയ്യാനുദ്ദേശിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in