'ഒരു ദിവസം കൊണ്ടല്ല, സമയമെടുത്ത് ആസ്വദിക്കണം'; ലോകമേ തറവാട് കലയെ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗമെന്ന് പാര്‍വതി

'ഒരു ദിവസം കൊണ്ടല്ല, സമയമെടുത്ത് ആസ്വദിക്കണം'; ലോകമേ തറവാട് കലയെ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗമെന്ന് പാര്‍വതി
Published on

കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ആലപ്പുഴയില്‍ ഒരുക്കിയിരിക്കുന്ന ലോകമേ തറവാട് എന്ന എക്‌സിബിഷന്‍ സന്ദര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. കലയെ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം എന്നാണ് പാര്‍വതി ലോകമേ തറവാടിനെ വിശേഷിപ്പിച്ചത്. നടി റിമ കല്ലിങ്കലിനൊപ്പമാണ് പാര്‍വതി എക്‌സിബിഷന്‍ സന്ദര്‍ശിച്ചത്.

ഒരു ദിവസം കൊണ്ട് മാത്രം കണ്ട് തീര്‍ക്കേണ്ടതല്ല എക്‌സിബിഷന്‍. രണ്ടോ മൂന്നോ ദിവസമെടുത്ത് വീണ്ടും വീണ്ടും ആസ്വദിക്കേണ്ട കലാസൃഷ്ടികളാണ് ലോകമേ തറവാട് ഒരുക്കിയിരിക്കുന്നതെന്നും പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍:

'കലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു സ്വര്‍ഗ്ഗമാണ്. ലോകമെമ്പാടുമുള്ള മലയാളികളായ കലാകാരന്‍മാരെ ആഘോഷിക്കുകയാണ് ഇവിടെ. അതിഗംഭീരമായ കലാസൃഷ്ടികളാണ് ലോകമേ തറവാട് എന്ന എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. മറക്കാനാവാത്ത ഈ അനുഭവത്തിന് ഒരുപാട് നന്ദി.

പിന്നെ റിമ കല്ലിങ്കല്‍ പറഞ്ഞപോലെ നിങ്ങള്‍ ഇവിടെയുള്ള കലാസൃഷ്ടികളെല്ലാം സമയം എടുത്ത് തന്നെ കാണണം. രണ്ടോ മൂന്നോ ദിവസം എടുക്കാം. വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കാം. നിങ്ങളുടെ മനസിനെ ഇവിടം മറ്റൊരു തലത്തില്‍ പരിപോഷിപ്പിക്കും. ആലപ്പുഴയില്‍ നവംബര്‍ 30 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. ഈ തീയതി കുറച്ച് കൂടി നീട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

പെയിന്റിംഗ് മുതല്‍ ഓഗ്മെന്റഡ് റിയാലിറ്റി വരെ, രാജ്യാന്തര ശ്രദ്ധ നേടിയവരും തദ്ദേശീയരുമായ 267 കലാകാരന്‍മാര്‍, മലയാളി ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി സമകാലീന കലയുടെ രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശനമാണ് ആലപ്പുഴയില്‍ നടക്കുന്ന 'ലോകമേ തറവാട്. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ് ആലപ്പുഴയില്‍ ലോകമേ തറവാട് എന്ന എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 30ന് എക്‌സിബിഷന്‍ അവസാനിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in