സ്ത്രീ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍: 'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്' എവിടെയെന്ന് പാര്‍വതി

സ്ത്രീ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍: 'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്' എവിടെയെന്ന് പാര്‍വതി
Published on

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. തങ്ങളുടെ തൊഴിലിടത്തെ സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമനിര്‍മ്മാണത്തിന് സഹായകമാവുന്നതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും സ്ത്രീ സുരക്ഷക്ക് ഒരു പ്രാധാന്യവും നല്‍കാത്തതുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്?'- പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017ല്‍ കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിന് ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എന്തുകൊണ്ടാണ് പുറത്തുവിടാതിരിക്കുന്നതെന്ന ചോദ്യമാണ് പരസ്യ പ്രതികരണങ്ങള്‍ക്ക് വഴിവെക്കുന്നത്.

സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in