'സൈജു കുറുപ്പിന്റെ വണ്‍ മാന്‍ ഷോ'; പാപ്പച്ചന്‍ ഒളിവിലാണ് നാളെ മുതല്‍ തിയറ്ററുകളില്‍

'സൈജു കുറുപ്പിന്റെ വണ്‍ മാന്‍ ഷോ'; പാപ്പച്ചന്‍ ഒളിവിലാണ് നാളെ മുതല്‍ തിയറ്ററുകളില്‍
Published on

സിന്റോ സണ്ണി സംവിധാനം ചെയ്ത് സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാപ്പച്ചന്‍ ഒളിവിലാണ്. ഒരു കാട്ടു പോത്ത് വെടിവെയ്പ്പ് കേസും അതില്‍ പാപ്പച്ചന്‍ എന്ന വ്യക്തി ഉള്‍പ്പെടുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശരിക്കും നടന്നിട്ടുള്ള ഒരു സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് സിനിമ പോകുന്നതെന്നും സൈജു കുറുപ്പിന്റെ ഒരു വണ്‍ മാന്‍ ഷോ ആണ് സിനിമയില്‍ ഞങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നും സംവിധായകന്‍ സിന്റോ സണ്ണി നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സൈജു കുറുപ്പ് ആയിരുന്നില്ല പാപ്പച്ചന്റെ ആദ്യ ചോയ്സ് എന്നും മേം ഹൂം മൂസ എന്ന സിനിമയുടെ അസ്സോസിയേറ്റ് ആയി വര്‍ക്ക് ചെയ്യുന്ന സമയത്ത് തനിക്ക് വേണ്ടി എന്തെങ്കിലും കഥ ഉണ്ടെങ്കില്‍ നോക്കാന്‍ സൈജു കുറുപ്പ് പറഞ്ഞതനുസരിച്ച് അപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന പാപ്പച്ചന്റെ കഥ ഡെവലപ്പ് ചെയ്ത് സൈജു കുറുപ്പിലേക്ക് എത്തിക്കുകയായിരുന്നു എന്നും സംവിധായന്‍ സിന്റോ സണ്ണി പറയുന്നു. തിയറ്ററില്‍ വന്നു സിനിമകാണുന്ന ഒരാളുടെ ആസ്വാദനത്തിനുള്ള എല്ലാം ഈ സിനിമയിലുണ്ടാകും എന്ന ഉറപ്പും സംവിധായകന്‍ നല്‍കുന്നുണ്ട്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴു നീളന്‍ ഫണ്‍ ഫാമിലി എന്റര്‍ടെയ്നറായിരിക്കും എന്നാണ് ഇതുവരെ പുറത്തു വന്ന ട്രെയ്ലറും പാട്ടുകളും സൂചിപ്പിക്കുന്നത്.

'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രിന്ദ, ദര്‍ശന, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടര്‍, കോട്ടയം നസീര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിന്‍ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികള്‍ : ബി ഹരിനാരായണന്‍, സിന്റോ സണ്ണി ആര്‍ട്ട് ഡയറക്ടര്‍ : വിനോദ് പട്ടണക്കാടന്‍ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലന്‍ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍ ഡിസൈന്‍: യെല്ലോടൂത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in