'പണി' സിനിമയുടെ റിവ്യൂ; ജോജു ജോർജ്ജ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവേഷണ വിദ്യാർത്ഥി ആദർശ് എച്ച് എസ്

'പണി' സിനിമയുടെ റിവ്യൂ; ജോജു ജോർജ്ജ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവേഷണ വിദ്യാർത്ഥി ആദർശ് എച്ച് എസ്
Published on

'പണി' സിനിമയെകുറിച്ച് റിവ്യൂ എഴുതിയതിന് കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവും സംവിധായകനുമായ ജോജു ജോർജ് ഗവേഷണ വിദ്യാർത്ഥിയായ ആദർശ് എച്ച് എസിനെ മൊബൈലിലൂടെ ഭീഷണിപ്പെടുത്തുന്നത്. ജോജു ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ ആദർശ് എച്ച് എസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് ജോജു ജോർജ് തന്നെ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരുന്നു. വിഷയത്തിൽ വലിയ ചർച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ആദർശ് എച്ച് എസ് ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുന്നു.

ജോജുവിന്റെ ഭീഷണിയും ആരോപണങ്ങളും

ഒക്ടോബർ 31 നാണ് ഞാൻ റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. ഒന്നാം തീയതി രാത്രി എന്നെ ജോജു വിളിച്ചു. വാട്സ് ആപ്പിലാണ് എന്നെ വിളിക്കുന്നത്. വിളിച്ചപ്പോൾ ജോജു ആണെന്നാണ് ആദ്യം പറഞ്ഞത്. ആക്ടർ ജോജു ആണോ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് മറുപടി പറഞ്ഞു. എന്നിട്ട് 'എന്താടാ കൊച്ചു ചെറുക്കാ' എന്നുള്ള രീതിയിലാണ് ആദ്യം തന്നെ സംസാരിച്ചത്. നീയെവിടെയാണ് ? ആരാണെന്നാണ് നിന്റെ വിചാരം എന്നും ചോദിച്ചു. സംസാരിക്കുന്നതിനിടയിൽ എന്റെ കൈ തട്ടി ഫോൺ മ്യൂട്ട് ആകുകയും ഞാൻ ഫോൺ വെച്ചെന്ന് കരുതി ജോജു ഫോൺ കട്ട് ചെയ്തു പോകുകയും ചെയ്തു. അവസാനം എന്താണ് കാര്യം എന്നറിയാൻ ഞാൻ വാട്സാപ്പിൽ തന്നെ തിരിച്ചു വിളിച്ചു. ആ സമയത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് നിങ്ങൾ പോസ്റ്റിൽ കേട്ടിട്ടുള്ളത്. ആദ്യം വിളിച്ചത് ഒരു മിനിറ്റിൽ താഴെയുള്ള ഒരു ഫോൺ സംഭാഷണമായിരുന്നു.

ഏത് വകുപ്പ് പ്രകാരമാണ് അദ്ദേഹം നിയമ നടപടികളിലേക്ക് പോകും എന്നതാണ് എന്റെ ചോദ്യം. റിവ്യൂ ബോംബിങ് എന്നത് നേരത്തെ കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. റിവ്യൂ ബോംബിങ് എന്നുള്ളത് ഒരു ആൾക്കൂട്ടം ഒരുമിച്ച് ചെയുന്ന കാര്യമാണ്. അല്ലെങ്കിൽ എന്തെങ്കിലും തെറ്റായ ആശയങ്ങൾ അതിലൂടെ പ്രചരിപ്പിക്കുന്ന രീതിയിൽ ആകണം. അതുമല്ലങ്കിൽ വ്യക്തി താല്പര്യങ്ങളോ എന്തെങ്കിലും അതിലുണ്ടാകണം. എന്റെ കാര്യത്തിൽ ഇങ്ങനെ ചെയ്തതിന് തെളിവില്ല. എന്തോ തെളിവുണ്ടെന്ന് പറയുന്നത് കയ്യിൽ ഒരു രേഖ ഉണ്ടെന്ന് പറയുന്നത് പോലെയേ ഉള്ളൂ.

ഞാൻ ഒരുപാട് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്നൊക്കെയാണ് പറയുന്നത്. ഞാൻ ആകെ 4 ഗ്രൂപ്പുകളിൽ മാത്രമാണ് അത് പങ്കുവെച്ചിട്ടുള്ളത്. അത് തന്നെ സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ്. ഈ ഗ്രൂപ്പുകളിൽ എല്ലാം തന്നെ അഡ്മിൻ അനുവദിച്ചാൽ മാത്രമാണ് പോസ്റ്റ് പബ്ലിഷ് ചെയ്യപ്പെടുകയുള്ളു. 4 ഗ്രൂപ്പുകളിൽ അയച്ചത് ഏതെങ്കിലും ഒരു ഗ്രൂപ്പിൽ പബ്ലിഷ് ചെയ്തു വരട്ടെ എന്ന് കരുതിയാണ്. അതിൽ കൂടുതൽ ഒരു റിവ്യൂവിങ്ങിന് ഞാൻ ശ്രമിച്ചിട്ടില്ല. ഞാനൊരു ഗവേഷക വിദ്യാർത്ഥിയാണ്. എന്റെ മുഴുവൻ സമയ ജോലി പോലുമല്ല റിവ്യൂ എന്ന് പറയുന്നത്. ഞാൻ വല്ലപ്പോഴും ഒരു സിനിമ കാണുന്നു, അതിനെ കുറിച്ച് എഴുതിയിടുന്നു എന്നുള്ളത് മാത്രമാണ്. ഇതിൽ നിന്ന് ഞാൻ ഒരു തരത്തിലുള്ള റവന്യുവും ഉണ്ടാക്കുന്നില്ല. എന്റെ പ്രൊഫൈൽ നോക്കിയാലും നിങ്ങൾക്ക് മനസ്സിലാകും ഞാൻ ഒരുപാട് സിനിമകളുടെ റിവ്യൂ എഴുതിയിട്ടുണ്ട്. പോസിറ്റീവായും നെഗറ്റിവായും എല്ലാം എഴുതിയിട്ടുണ്ട്. ഞാൻ എന്റെ ചെറിയ സർക്കിളിൽ ചെയ്യുന്ന കാര്യമാണിത്.

സിനിമയുടെ സെൻസറിങ് കൃത്യമല്ല

സെൻസിറ്റിവായ പ്രശ്നങ്ങൾ ഏത് തന്നെയായാലും മാധ്യമങ്ങളിലേക്ക് വരുമ്പോൾ പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ടല്ലോ. വിദേശത്തെല്ലാം അതിന് വ്യക്തമായ പ്രോട്ടോകോൾ ഉണ്ടാകും. നമ്മുടെ രാജ്യത്ത് ദൗർഭാഗ്യവശാൽ അങ്ങനെ ഒന്നില്ല. എന്നാൽ കൂടി സിനിമ പോലെ ഒരു മാധ്യമത്തിലൂടെ വിഷയങ്ങൾ പറയുമ്പോൾ, സ്ത്രീകളോ മുൻപ് മോശം അനുഭവം നേരിട്ടവരോ ആയിട്ടുള്ള ആരെങ്കിലും ആ സിനിമ കാണുമ്പോ അവർക്ക് പല തരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായേക്കാം. അത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടാകാം.

അങ്ങനെയുള്ള ഒരു ആശങ്കയും ഇല്ലാതെയാണ് ആ സിനിമയിൽ ജോജു പീഡനരംഗം അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തെ ഒബ്ജെക്ടിഫൈ ചെയ്യുന്ന രീതിയിലാണ് അത് ചെയ്തിരിക്കുന്നത്. പഴയ ബി ഗ്രേഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അത്. അങ്ങനെയല്ല പീഡനരംഗം അവതരിപ്പിക്കേണ്ടത് എന്നൊരു അഭിപ്രായമാണ് ഞാൻ മുന്നോട്ട് വെച്ചത്. മാത്രമല്ല ഇത് യു എ സർട്ടിഫിക്കറ്റ് കിട്ടിയ ഒരു സിനിമയാണ്. അത് കാണാൻ എത്തുന്നത് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ്. എട്ടോ പത്തോ വയസ്സുള്ള ഒരു കുട്ടി അത് കണ്ട് അവരെ അത് ഏതെങ്കിലും രീതിയിൽ ട്രോമറ്റൈസ് ചെയ്‌താൽ ആര് ഉത്തരവാദിത്തം പറയും. ശെരിക്കും ഈ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് കൊടുക്കാതിരുന്നത് തന്നെ സെൻസർ ബോർഡ് കാണിച്ച വലിയ തെറ്റാണ്. അതിനെതിരെ ബാലാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർ കേസെടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇങ്ങനെയല്ല ഒരു സിനിമയിൽ സെൻസർഷിപ്പ് ഇടപെടേണ്ടത്.

ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് സെൻസർഷിപ്പ് പ്രവർത്തിക്കുന്നത് കുറെ സിനിമകൾ ബാൻ ചെയ്യാൻ വേണ്ടി മാത്രമാണ്. ഏത് വയസ്സിലുള്ളവരാണ് ഒരു സിനിമ കാണേണ്ടതെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ചുമതല സെൻസർഷിപ്പിനുണ്ട്. അവർ അത് ചെയ്യുന്നില്ല. കമ്മട്ടിപ്പാടം പോലെ ഒരു സിനിമയ്ക്ക് പോലും എ സർട്ടിഫിക്കറ്റ് കിട്ടുന്ന നാടാണ്. പക്ഷെ ഇങ്ങനെ ഒരു സിനിമ വന്നിട്ട് അതിന് എ സർട്ടിഫിക്കറ്റ് കിട്ടാതെ യു/എ സർട്ടിഫിക്കറ്റ് കിട്ടുകയും ആളുകൾ കുടുംബമായി കാണാൻ പോകുകയുമാണ്. കുട്ടികളുടെ കണ്ണ് പൊത്തിയിട്ടല്ലാതെ ആ സിനിമയിലെ പല രംഗങ്ങളും കാണാൻ കഴിയില്ല. അത് മാത്രമല്ല അതിഭീകരമായ വയലൻസുമുണ്ട്. ഇതെല്ലാം കുട്ടികൾ എങ്ങനെ നോക്കിക്കാണും.

റിവ്യൂ കാരണം ഉണ്ടായ സൈബർ ആക്രമണങ്ങൾ

സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ ഒരു പരിധിയിൽ കൂടുതൽ ഞാൻ എടുക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. കാരണം നമ്മളുടെ സൊസൈറ്റി അങ്ങനെയുള്ളതാണ്. ഒരു വിഷയമുണ്ടാകുന്ന സമയത്ത് എന്താണ് ലാഭം എന്ന് നോക്കി അതിനനുസരിച്ച് നിലപാടുകൾ സ്വീകരിക്കാനും നിലപാടുകളെ വ്യക്തിപരമായ രീതിയിൽ മോഡിഫൈ ചെയ്യാനും ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ജോജുവിനോട് ഏതെങ്കിലും തരത്തിൽ പ്രതിബദ്ധതയുള്ളവരുണ്ടാകും. പക്ഷെ മുഖ്യ ധാരയിൽ നിൽക്കുന്ന ആരും ജോജുവിന്‌ അനുകൂലമായ രീതിയിൽ മുന്നോട്ടു വന്നതായി ഞാൻ കണ്ടില്ല. സ്വാഭാവികമായും സൈബർ ആക്രമണം പോലെ ഒരു പ്രശ്‌നം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in