നിനക്ക് ധൈര്യമുണ്ടോ മുന്നിൽ വരാൻ, റിവ്യൂവറെ ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്ജ്

നിനക്ക് ധൈര്യമുണ്ടോ മുന്നിൽ വരാൻ, റിവ്യൂവറെ  ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്ജ്
Published on

'പണി' എന്ന സിനിമയെ വിമർശിച്ച് ഫേസ്ബുക്കിൽ വിമർശനാത്മക നിരൂപണമെഴുതിയ ആൾക്കെതിരെ ഭീഷണിസ്വരവുമായി നായകനും സംവിധായകനുമായ ജോജു ജോർജ്ജ്. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' യിലെ റേപ്പ് സീൻ ചിത്രീകരിച്ച രീതിയും സമീപനവും വിമർശിച്ച് ​ഗവേഷക വിദ്യാർത്ഥിയും മുൻ ദൃശ്യമാധ്യമപ്രവർത്തകനുമായ ആദർശ് എച്ച് എസ്. എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് താരം ഫോൺ ചെയ്ത് ഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുന്ന ഓഡിയോ റെക്കോർഡിം​ഗ് സഹിതം ആദര്‍ശ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ആദർശിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം:

'ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' സിനിമയെ വിമർശിച്ചൊരു പോസ്റ്റ് ഇന്നലെ ഇട്ടതിന് അദ്ദേഹം ഇന്ന് വിളിച്ച് ഭീക്ഷണിപ്പെടുത്തിയിരുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അയാളുടെ ടീം തന്നെ സോഷ്യൽ മീഡിയയിൽ നിന്നും ആ വീഡിയോ നീക്കം ചെയ്തു. അതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു. ഭീക്ഷണിപ്പെടുത്തി ജയിക്കാമെന്ന് കരുതണ്ട ജോജു!

ഒക്ടോബർ 24 നാണ് ജോജു ജോർജ്ജ് രചനയും സംവിധാനം നിർവഹിച്ച 'പണി' തിയറ്ററിലെത്തിയത്. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് തിയറ്ററുകളിലെത്തിയത് . സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ആദർശ് സാമൂഹ്യമാധ്യമങ്ങളിൽ റിവ്യൂ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു നടന്റെ ഭീഷണി. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ rape സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ് എന്നായിരുന്നു ആദർശിന്റെ റിവ്യൂവിലെ പ്രധാന വിമർശനം. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആർട്ടിഫിഷ്യൽ ആയ കഥപറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്നമെന്നും റിവ്യൂവിലുണ്ട്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജുവിനുള്ളതെന്നും ആദർശ് റിവ്യൂവിൽ പറയുന്നു

തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ജോജു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രത്തിൽ തൃശ്ശൂർ ന​ഗരത്തിലെ പ്രബലനായ വ്യവസായി ​ഗിരി എന്ന കഥാപാത്രമാണ് ജോജുവിന്റേത് . ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളാണ് ഓരോ ഭാഷയിലും പടം റിലീസ് ചെയ്തത്. അഭിനയ ആണ് ചിത്രത്തിൽ നായിക. ജോജുവിന്റെ ഭാര്യ ഗൗരി എന്ന കഥാപാത്രത്തെയാണ് അഭിനയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in