'ഇതില് കുത്തിക്കൊണ്ടിരിക്കാണ്ട് വല്ല പാടത്തോ പറമ്പിലോ പോയി കളിക്കടാ'; പുരസ്കാര നിറവിൽ പ്രദർശനത്തിനൊരുങ്ങി പല്ലൊട്ടി 90s കിഡ്സ്

'ഇതില് കുത്തിക്കൊണ്ടിരിക്കാണ്ട് വല്ല പാടത്തോ പറമ്പിലോ പോയി കളിക്കടാ'; പുരസ്കാര നിറവിൽ പ്രദർശനത്തിനൊരുങ്ങി പല്ലൊട്ടി 90s കിഡ്സ്
Published on

നവാഗതനായ ജിതിൻ രാജ് കഥയും സംവിധാനം നിർവഹിച്ച്, മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സ്വന്തമാക്കിയ 'പല്ലൊട്ടി 90s കിഡ്സ്' റിലീസിനൊരുങ്ങുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം സ്വന്തമാക്കിയ ചിത്രം ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയിരുന്നു. ചിത്രം 2024 ജനുവരി 5ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.

മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാല നടൻ, മികച്ച ഗായകൻ എന്നീ വിഭാ​ഗങ്ങളിലാണ് 'പല്ലൊട്ടി 90 സ് കിഡ്‌സ്' സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം തൊണ്ണൂറ് കാലഘട്ടത്തിലെ ഓർമ്മ പുതുക്കുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് എത്തുന്നത്. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മികച്ച ബാല നടനുള്ള പുരസ്കാരം നേടിയത് മാസ്റ്റർ ഡാവിഞ്ചി സന്തോഷാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in