സിനിമ മേഖലക്ക് ജെന്‍ഡര്‍ ജസ്റ്റിസിനെപ്പറ്റി ധാരണയില്ല: പത്മപ്രിയ

സിനിമ മേഖലക്ക് ജെന്‍ഡര്‍ ജസ്റ്റിസിനെപ്പറ്റി ധാരണയില്ല: പത്മപ്രിയ
Published on

സിനിമ മേഖലയിലുള്ളവര്‍ക്ക് ജെന്‍ഡര്‍ ജസ്റ്റിസിനെക്കുറിച്ചുള്ള ധാരണ വളരെ കുറവാണെന്ന് നടി പത്മപ്രിയ. ജെന്‍ഡറിനെ മുന്‍നിര്‍ത്തി പല സെറ്റുകളിലും തനിക്ക് തുല്യത നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.

തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂര്‍ണമായും എന്റെ ജെന്‍ഡര്‍ മൂലമാണ്. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല. പത്മപ്രിയ പറഞ്ഞു.

കൂടെ ജോലി ചെയ്യുന്ന മറ്റ് ജെന്‍ഡറിലുളളവര്‍ക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാവുന്നത്. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്‍ഡസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,' പത്മപ്രിയ പറഞ്ഞു.

2004ല്‍ മമ്മൂട്ടിയെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് പത്മപ്രിയ മലയാളം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. ഹരിഹരന്റെ പഴശ്ശിരാജയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിക്രം നായകനാകുന്ന കോബ്ര എന്ന തമിഴ് ചിത്രമാണ് പത്മപ്രിയയുടേതായി വരാനിരിക്കുന്ന പുതിയ സിനിമ

Related Stories

No stories found.
logo
The Cue
www.thecue.in