ആ സിനിമ 'ആന്റി ക്രൈസ്റ്റ്' അല്ല: ഒരു മിസ്റ്റ്രി ത്രില്ലറായിരുന്നുവെന്ന് പി.എഫ് മാത്യൂസ്

ആ സിനിമ 'ആന്റി ക്രൈസ്റ്റ്' അല്ല: ഒരു മിസ്റ്റ്രി ത്രില്ലറായിരുന്നുവെന്ന് പി.എഫ് മാത്യൂസ്
Published on

തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി.എഫ് മാത്യൂസ് ഇന്നലെ സമൂഹമാധ്യമത്തില്‍ മമ്മൂട്ടിയുമായി ചെയ്യാനിരുന്ന സിനിമയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പി.എഫ് മാത്യൂസ് പങ്കുവെച്ചത്. അതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ആ ചിത്രം 'ആന്റി ക്രൈസ്റ്റാ'ണ് എന്ന നിലയില്‍ ചര്‍ച്ചകളും കമന്റുകളും വന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയത് 'ആന്റി ക്രൈസ്റ്റ്' എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നില്ലെന്ന് പി.എഫ് മാത്യൂസ് ദ ക്യുവിനോട് പറഞ്ഞു.

'ആന്റി ക്രൈസ്റ്റു'മായി ആ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. അത് മിസ്റ്റ്രി ത്രില്ലര്‍ സ്വഭാവമുള്ള കഥയാണ്. ആന്റി ക്രൈസ്റ്റില്‍ പൃഥ്വിരാജിനെയാണ് കാസ്റ്റ് ചെയ്യാന്‍ വിചാരിച്ചിരുന്നതെന്നും പി.എഫ് മാത്യൂസ് വ്യക്തമാക്കി.

പി.എഫ് മാത്യൂസ് പറഞ്ഞത്:

ആ സിനിമ ആന്റി ക്രൈസ്റ്റ് അല്ല. ആന്റി ക്രൈസ്റ്റില്‍ വേറെ കാസ്റ്റിങ്ങായിരുന്നു ഞങ്ങള്‍ ആലോചിച്ചിരുന്നത്. പൃഥ്വിരാജിനെയാണ് ആലോചിച്ചിരുന്നത്. ഇത് വേറൊരു വ്യത്യസ്തമായ സിനിമയാണ്. ഒരു മിസ്റ്റ്രി ത്രില്ലര്‍ പോലൊരു കഥയാണത്. അതിന് ആന്റി ക്രൈസ്റ്റുമായി യാതൊരു ബന്ധവുമില്ല. ഇനി ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നുമില്ല. അത് അവിടെ അവസാനിച്ചു.

2016ലാണ് ആ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ആന്റി ക്രൈസ്റ്റ് അതിന് മുമ്പ് ചിന്തിച്ച് തുടങ്ങിയതാണ്. ആന്റി ക്രൈസ്റ്റിന്റെ മറ്റൊരു പതിപ്പാണ് എന്റെ ഇരുട്ടിലൊരു പുണ്യാളന്‍ എന്ന നോവല്‍. അതുകൊണ്ട് തന്നെ ആന്റി ക്രൈസ്റ്റ് ഇനി ആ നോവലായിട്ടെ ചെയ്യാന്‍ സാധിക്കു. സ്‌ക്രിപ്പ്റ്റില്‍ നിന്നെല്ലാം ഒരുപാട് മാറി പോയി മറ്റൊരു രൂപത്തിലേക്ക് വന്നു അത്.

പി.എഫ് മാത്യൂസിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്:

ഞാന്‍ ജോലിയില്‍ നിന്നു സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കര്‍ണാടകത്തിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവില്‍ത്തന്നെ ഞങ്ങളവിടെ എത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്ന് അദ്ദേഹത്തിന്റെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്‌ക്കൂളിന്റെ പരിസരങ്ങളില്‍ ചില കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. പിന്നാലെ ചില ദുര്‍മരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിന്‍ പുരോഹിതനാണ് നായകന്‍. അത്രയ്‌ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരം. കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറഞ്ഞു.

അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നത്. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു ചില സിനിമകളില്‍ സമാനമായ ചില കഥാ സന്ദര്‍ഭങ്ങള്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോള്‍ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തില്‍ നിന്നു കിട്ടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in