'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു'; സ്വന്തം ഗാനത്തിന്റെ റീമേക്കിനെ കുറിച്ച് ഔസേപ്പച്ചന്‍

'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു'; സ്വന്തം ഗാനത്തിന്റെ റീമേക്കിനെ കുറിച്ച് ഔസേപ്പച്ചന്‍
Published on

ദേവദൂതര്‍ പാടിയുടെ കുഞ്ചാക്കോ ബോബന്‍ വേര്‍ഷന്‍ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. 1985ല്‍ ഭരതന്റെ ഓളവും തീരവും എന്ന ചിത്രത്തിന് വേണ്ടി ഔസേപ്പച്ചന്‍ സംഗീത നല്‍കിയ ഗാനമാണ് ദേവദൂതര്‍ പാടി. 37 വര്‍ഷം മുന്നേ താന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്നാണ് ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതോടൊപ്പം തന്നെ ചാക്കോച്ചന്റെ പ്രകടനത്തെയും ഔസേപ്പച്ചന്‍ പ്രശംസിച്ചിട്ടുണ്ട്. 'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി , ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി', ഔസേപ്പച്ചന്‍ കുറിച്ചു.

റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ തന്നെ ചാക്കോച്ചന്റെ ദേവദൂതര്‍ പാടി ഒരു മില്യണ്‍ കാഴ്ച്ചക്കാര്‍ കണ്ടു കഴിഞ്ഞു. വീഡിയോയിലെ ചാക്കോച്ചന്റെ ഡാന്‍സിനെയും നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. ചിത്രത്തിലെ ടീസറും പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 11നാണ് തിയേറ്ററിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in