മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ '2018: എവരിവൺ ഈസ് എ ഹീറോ' 96-ാമത് ഓസ്‌കാർ അവാർഡിനുള്ള മത്സരത്തിൽ നിന്ന് പുറത്തായി. ജൂഡ് ആന്തണി സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ ചിത്രമായിരുന്നു '2018: എവരിവൺ ഈസ് എ ഹീറോ'. അവാർഡ് പ്രഖ്യാപനത്തിന് ഒരു മാസം ശേഷിക്കെ 10 കാറ്റഗറികളിലെ നോമിനേഷനുകൾ ഇന്നലെയാണ് സംഘാടകർ പുറത്തുവിട്ടത്. ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, ഇന്റർനാഷണൽ ഫീച്ചർ ഫിലിം, മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിംഗ്, സംഗീതം (ഒറിജിനൽ സ്‌കോർ), സംഗീതം (ഒറിജിനൽ സോങ്), ആനിമേറ്റഡ് ഷോർട്ട് ഫിലിം, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, സൗണ്ട്, വിഷ്വൽ ഇഫക്റ്റുകൾ എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് മത്സരാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.
മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ‘2018’ മത്സരിച്ചത്. വിഷ്വല്‍ ഇഫ്കറ്റ്സ് വിഭാഗത്തില്‍ നിന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറും പുറത്തായിട്ടുണ്ട്. അതേസമയം ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കിയുള്ള 'ടു കിൽ എ ടൈഗർ' എന്ന ഡോക്യുമെന്ററി മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി ഫിലിം മേക്കർ നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രമായിരുന്നു '2018: എവരിവൺ ഈസ് എ ഹീറോ'. ഇതിനു മുമ്പ് മലയാളം ചിത്രങ്ങളായ ഗുരു (1997), ആദാമിന്റെ മകൻ അബു (2011), ജെല്ലിക്കെട്ട് (2019) എന്നിവ ഓസ്‌കാറിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തിരുന്നു, എന്നാൽ ഈ ചിത്രങ്ങളൊന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നില്ല.
ഈ വർഷം 'മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം' വിഭാഗത്തിലേക്ക് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 15 സിനിമകൾ ഇവയാണ്: അമേരിക്കാറ്റ്സി (അർമേനിയ) ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ); വാഗ്ദത്ത ഭൂമി (ഡെൻമാർക്ക്) ഫാളിൻ ലീവ്സ് (ഫിൻലാൻഡ്); ദ ടേസ്റ്റ് ഓഫ് തിംഗ്സ് (ഫ്രാൻസ്); ടീച്ചേഴ്‌സ് ലോഞ്ച് (ജർമ്മനി); ഗോഡ്‌ലാൻഡ് (ഐസ്‌ലാൻഡ്), ലോ ക്യാപിറ്റാനോ (ഇറ്റലി), പെർഫെക്‌റ്റ് ഡേയ്‌സ് (ജപ്പാൻ), ടോട്ടം (മെക്‌സിക്കോ), ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ), സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിൻ), ഫോർ ഡോട്ടേഴ്‌സ് (ടുണീഷ്യ) 20 ഡേയ്‌സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ) ദ സോൺ ഓഫ് ഇന്ററസ്റ്റ് (യുണൈറ്റഡ് കിംഗ്ഡം).
ഓസ്‌കാർ പുരസ്കാരങ്ങൾക്കുള്ള നോമിനേഷനുകൾ 2024 ജനുവരി 23ന് പ്രഖ്യാപിക്കും. അതേസമയം ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് 2024 മാർച്ച് 10 ന് ഞായറാഴ്ച നടക്കും. ഓവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ലോകമെമ്പാടുമുള്ള 200ലധികം രാജ്യങ്ങളിൽ കാണാനാകും. എബിസി ചാനലിലൂടെയാണ് ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുക.