സുബീഷ് സുധി നായകനായ ഒരു സർക്കാർ ഉൽപ്പന്നം എന്ന സിനിമയെ പ്രകീർത്തിച്ച് എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം. . കോടികൾ ധൂർത്തടിച്ച് ബോക്സോഫീസിൽ തകർത്താടുകയും അധിക പക്ഷവും തകർന്നടിയുകയും ചെയ്യുന്ന എമണ്ടൻ സിനിമകൾക്കിടയിലൂടെഅവയിലൊന്നും പെടാതെ തൻ്റേതായ വഴിയിലൂടെ അന്തസ്സോടെ നെഞ്ച് വിരിച്ച് നടക്കാനുള്ള കലാത്മകമായ കരുത്ത് ഈ സിനിമക്കുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം.
സന്തോഷ് ഏച്ചിക്കാനം എഴുതിയത്
പൊട്ടിച്ചിരിയുമായി ഭാരതം ചൈനയെ തോൽപ്പിച്ച കഥ - ഒരു സർക്കാർ ഉൽപ്പന്നം എന്ന സിനിമയുടെ പരസ്യ വാചകം തന്നെ അങ്ങനെയാണ്.
ഈ രണ്ട് രാജ്യങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നത്തെ നർമ്മത്തിൽ ചാലിച്ച് രണ്ട് മണിക്കൂർ ബോറടിക്കാത്ത രീതിയിൽ അയത്നലളിതമായി പറഞ്ഞു തീർത്തതിന് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആദ്യം തന്നെ ഒരു നിറഞ്ഞ കൈയ്യടി.
താര ബാഹുല്യങ്ങളില്ലാതെ, മലയാളത്തിൽ കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സുബീഷ് എന്ന നടനെ നായകനാക്കി വെച്ച് ചെയ്ത ഈ സിനിമ അത് കൈകാര്യം ചെയ്ത വിഷയത്തിൻ്റെ പേരിൽ നാളെ വലിയൊരു സിനിമയായി അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സ്നേഹത്തെപ്പോലും വെറും ഉൽപ്പന്നമായി മാത്രം കാണുന്ന ഒരു സമൂഹത്തിനോട് കച്ചവടത്തോടൊപ്പം ഇച്ചിരി കാര്യങ്ങളും കൂടി പറയാനുളളതാണ് ഓരോ കലാസൃഷ്ടിയും എന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു.
തുരുത്തി എന്ന കാസർകോടൻ ഗ്രാമത്തിലെ ഒരു പറ്റം സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ആഴത്തിൽ തൊട്ടറിയാൻ സംവിധായനു സാധിച്ചിട്ടുണ്ട്. ദൃശ്യഭംഗി കൊണ്ട് ഛായാഗ്രഹകനും.നടീനടന്മാർ അവരവരുടെ റോളുകൾ അഭിനയ ചതുരി കൊണ്ട് അവിസ്മരണീയമാക്കി.
ദിനം പ്രതി അരാഷ്ടീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് മേൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ
വ്യക്തമാക്കുന്ന ഈ ഉൽപ്പന്നം കേരളത്തിലെ കുടുംബ പ്രേക്ഷകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. കോടികൾ ധൂർത്തടിച്ച് ബോക്സോഫീസിൽ തകർത്താടുകയും അധിക പക്ഷവും തകർന്നടിയുകയും ചെയ്യുന്ന എമണ്ടൻ സിനിമകൾക്കിടയിലൂടെഅവയിലൊന്നും പെടാതെ തൻ്റേതായ വഴിയിലൂടെ അന്തസ്സോടെ നെഞ്ച് വിരിച്ച് നടക്കാനുള്ള കലാത്മകമായ കരുത്ത് ഈ സിനിമക്കുണ്ട്.
വ്യക്തിപരമായി പറഞ്ഞാൽ ഞാൻ മുടക്കിയ 225 രൂപ എനിക്ക് മുതലായിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല.
നന്ദി .നമസ്കാരം.