'നടനും സംവിധായകനുമടക്കം ഏഴ് അവാര്‍ഡുകള്‍ നേടി നോളൻ ചിത്രം ഓപ്പൺഹൈമർ' ; ബാഫ്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

'നടനും സംവിധായകനുമടക്കം ഏഴ് അവാര്‍ഡുകള്‍ നേടി നോളൻ ചിത്രം ഓപ്പൺഹൈമർ' ; ബാഫ്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Published on

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗ്ലോബല്‍ ഗ്ലോബിന് പിന്നാലെ ബാഫ്ത അവാര്‍ഡിലും തിളങ്ങി ക്രിസ്റ്റഫര്‍ നോളൻ ചിത്രം ഓപ്പണ്‍ഹൈമര്‍. മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കരസ്ഥമാക്കിയത്. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത 'പുവര്‍ തിങ്സ് മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ നേടി. നടി ദീപിക പദുക്കോണും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദ സോണ്‍ ഓഫ് ഇന്ററസ്റ്റിന്റെ സംവിധായകന്‍ ജോനാഥന്‍ ഗ്ലേസറിന് പുരസ്‌കാരം സമ്മാനിച്ചത് ദീപികയായിരുന്നു.

ഓപ്പണ്‍ഹൈമറെ തിരശീലയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി (മികച്ച നടന്‍), റോബര്‍ട്ട് ഡൗണി ജൂനിയര്‍ (മികച്ച സഹനടന്‍), ക്രിസ്റ്റഫര്‍ നോളന്‍ (മികച്ച സംവിധായകന്‍) എന്നിവരാണ് ഓപ്പണ്‍ഹൈമറിന് വേണ്ടി പുരസ്‌കാരങ്ങള്‍ നേടിയത്. കൂടാതെ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, മികച്ച സിനിമ എന്നീ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി. ഇതാദ്യമായാണ് നോളന്‍ ബാഫ്ത പുരസ്‌കാരം നേടുന്നത്. പുവര്‍ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളും പുവര്‍ തിങ്സ് സ്വന്തമാക്കി. രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ദ ഹാള്‍ഡോവേഴ്‌സും മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ദ സോണ്‍ ഓഫ് ഇന്ററസ്റ്റുമാണ് ഒന്നിലധികം പുരസ്‌കാരങ്ങള്‍ നേടിയ മറ്റ് സിനിമകള്‍.

യാവോ മിയാസാക്കിയുടെ ദ ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് സിനിമയായി. കോര്‍ട്ട് റൂം ഡ്രാമയായ അനാട്ടമി ഓഫ് എ ഫോളും അമേരിക്കന്‍ ഫിക്ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടി. രണ്ടാം ലോകമഹാ യുദ്ധ കാലത്ത് ഓഷ്‌വിട്‌സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് ആണ് തിരഞ്ഞെടുക്കപ്പെട്ട മികച്ച ബ്രിട്ടീഷ് സിനിമ. മൂന്ന് പതിറ്റാണ്ടുകളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ കനേഡയന്‍ സമൂഹ്യപ്രവര്‍ത്തകനും നടനുമായ മൈക്കിള്‍ ജെ ഫോക്സ് ചടങ്ങില്‍ പങ്കെടുത്തു. മികച്ച സിനിമ പ്രഖ്യാപിച്ചത് ഫോക്‌സായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in