‘മുഴുനീള കഥാപാത്രമല്ല, ഒരു ചെറിയ  കോമഡി സീക്വന്‍സാണ്’; ശക്തിമാന്‍ വിവാദം,  മുകേഷ് ഖന്ന തെറ്റിദ്ധരിച്ചതാകാമെന്ന് ഒമര്‍ ലുലു

‘മുഴുനീള കഥാപാത്രമല്ല, ഒരു ചെറിയ കോമഡി സീക്വന്‍സാണ്’; ശക്തിമാന്‍ വിവാദം, മുകേഷ് ഖന്ന തെറ്റിദ്ധരിച്ചതാകാമെന്ന് ഒമര്‍ ലുലു

Published on

‘ധമാക്ക’ എന്ന ചിത്രത്തില്‍ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിനെതിരെ യഥാര്‍ഥ ശക്തിമാനായ മുഖേഷ് ഖന്ന നല്‍കിയ പരാതി തെറ്റിദ്ധാരണയുടെ പുറത്താകാമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുയ ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിട്ടാണ് ശക്തിമാനെ അവതരിപ്പിക്കുന്നതെന്ന് മുകേഷ് ഖന്ന കരുതിയിരിക്കാം. എന്നാല്‍ ഒരു മിനിറ്റ് മാത്രമുള്ള സീനിലാണ് ശക്തിമാനെത്തുന്നതെന്നും അത് മുകേഷ് ഖന്നയോട് വിശദീകരിക്കുമെന്നും ഒമര്‍ ലുലു ‘ദ ക്യൂ’വിനോട് പറഞ്ഞു.

നമ്മുടെ ചിത്രത്തില്‍ മുഴുനീള ക്യാരക്ടറാണെന്ന് വിചാരിച്ചാണ് അദ്ദേഹം പരാതി അയച്ചിരിക്കുന്നത്. നമ്മുടെ ഫോട്ടോ വൈറലായപ്പോള്‍ നോര്‍ത്തിലെ ചില മാധ്യമങ്ങളില്‍ മുകേഷേട്ടന്‍ ശക്തിമാനായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഒരു മിനിറ്റ് മാത്രമുള്ള ഫണ്ണി സീക്വന്‍സില്‍ മാത്രമാണുള്ളത്. മുന്‍പ് സലിം കുമാറേട്ടന്‍ സ്‌പൈഡര്‍മാനായിട്ട് വന്നത് പോലെയുള്ള സീക്വന്‍സ്. അല്ലാതെ ആ കഥാപാത്രം റീ ക്രിയേറ്റ് ചെയ്യുന്നില്ല.

ഒമര്‍ ലുലു

ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ നടന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നമായിരുന്നു മുകേഷ് ഖന്ന ഫെഫ്കയ്ക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നത്. ഒമര്‍ ലുലു ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും കത്തില്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുകേഷ ഖന്നയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്ന് ഒമര്‍ ലുലു വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഡാര്‍ ലവ്വിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എംകെ നാസര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അരുണ്‍, നിക്കി ഗല്‍റാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനി 10 ദിവസത്തെ ഷൂട്ടിങ്ങ് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. പട്ടായയിലാണ് അവസാന ഷെഡ്യൂള്‍ ആരംഭിക്കുക.

logo
The Cue
www.thecue.in