സിനിമ സംവിധായകന്റെ കലയെന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കുമോ? മാലിക്കിനെ വിമര്‍ശിച്ച് ഒമര്‍ ലുലു

സിനിമ സംവിധായകന്റെ കലയെന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കുമോ? മാലിക്കിനെ വിമര്‍ശിച്ച് ഒമര്‍ ലുലു
Published on

മഹേഷ് നാരായണന്‍ ചിത്രം മാലിക്കിനെതിരെ വീണ്ടും വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. 2009ലാണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നതെന്നും ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് അവിടെയുണ്ട് എന്ന പരിഗണനയെങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു അമ്പത് ശതമാനമെങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു.

സിനിമ സംവിധായകന്റെ കലയാണെന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ഒമര്‍ ലുലു പറഞ്ഞത്

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശിരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് ''മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍. ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു''. ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട, ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി.

മാലിക്കിനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവനും വിമര്‍ശനം ഉന്നയിച്ചിരുന്നു. ചിത്രം കണ്ടതിന് ശേഷം അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും എന്‍.എസ് മാധവന്‍ ചോദിച്ചത്.

മാലിക്ക് പൂര്‍ണമായും ഫിക്ഷനാണെങ്കില്‍

1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി?

2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?

3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)

4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു?

5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?

പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് മാലിക്കുമായി ബന്ധപ്പെട്ട് എന്‍.എസ് മാധവന്‍ ഉയര്‍ത്തിയത്. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ വാണിജ്യ ചിത്രങ്ങളെയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയുണ്ട് കൂടാതെ ഭരണകക്ഷി സര്‍ക്കാരിനോടുള്ള മൃദുസമീപനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാലിക്കിന്റെ മേക്കിങ്ങിനേയും അഭിനേതാക്കളുടെ പ്രകടനത്തെയും അഭിനന്ദിക്കുന്നതിനൊപ്പം തന്നെ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ട്വിറ്ററിലും മാലിക് ട്രെന്‍ഡിങ്ങായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in