ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നറിയിച്ചുകൊണ്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ രാവിലെ മരട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരാകേണ്ടത്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഓം പ്രകാശ് ഉൾപ്പെടെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായത്.
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് ഓം പ്രകാശ് മുറി ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രസ്തുത റിപ്പോർട്ടിലാണ് താരങ്ങളുടെ പേരുകളും പരാമർശിച്ചിട്ടുള്ളത്. മൂന്ന് മുറികളിലായാണ് ലഹരി ഇടപാടുകളുണ്ടായത്. കൊക്കെയ്ൻ അടക്കം പ്രതികളിൽ നിന്നും പിടികൂടിയിരുന്നു. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് വിവരം.
ഹോട്ടൽ മുറിയിൽ വന്നു പോയിട്ടുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഹോട്ടലിലെ സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്. സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. കേസിന്റെ ഭാഗമായി താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. എളമക്കര സ്വദേശിയായ ബിനു ജോസഫിനെ കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിനിമാ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചത് ഇയാളാണ് എന്നാണ് പോലീസ് നൽകിയ വിവരം. വിലപ്പയ്ക്കുള്ള അളവിൽ ലഹരി വസ്തുക്കൾ ലഭിക്കാതിരുന്നതുകൊണ്ടും പ്രതികൾ ഉപയോഗിച്ചതിന് തെളിവില്ലാത്തതുകൊണ്ടും ഓം പ്രകാശിനും ഷിഹാസിനും ജാമ്യം ലഭിച്ചിരുന്നു.