മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' റിലീസ് ചെയ്ത രണ്ടാം വര്‍ഷത്തില്‍ തിരക്കഥ പുസ്‌കതക രൂപത്തില്‍. തിരക്കഥാകൃത്ത് കെ.ഹരികൃഷ്ണനാണ് ഇക്കാര്യം പങ്കുവച്ചത്. സിനിമയ്ക്കുമുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും വേണ്ടെന്ന് വച്ചതായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരികൃഷ്ണന്‍ പറയുന്നു.
സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് ആലോചനയില്‍വന്നില്ലെന്നും ഹരികൃഷ്ണന്‍. വി.എ ശ്രീകുമാറാണ് ഒടിവിദ്യ പശ്ചാത്തലമാക്കിയുള്ള ഒടിയന്‍ സംവിധാനം ചെയ്തത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമയില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി. സിനിമയ്ക്ക് വേണ്ടി മോഹല്‍ലാല്‍ പ്രത്യേക ട്രീറ്റ്‌മെന്റിലൂടെ തടി കുറച്ചിരുന്നു. തുടര്‍ന്നുള്ള ലുക്കിലായിരുന്നു ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രം.
തിരക്കഥാകൃത്ത് കെ.ഹരികൃഷ്ണന്‍ എഴുതുന്നു
ഇന്ന് 'ഒടിയന്‍' റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം.
ഒരു വലിയ സിനിമയ്ക്ക്് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി.
എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.
എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയന്‍. പ്രിയപ്പെട്ടവരായ മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, വി.എ. ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍, പത്മകുമാര്‍, ഷാജി കുമാര്‍...
ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.
സിനിമയ്ക്കുമുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയില്‍വന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന 'കുട്ടിസ്രാങ്കി' ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. )
ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാള്‍ദിനത്തില്‍, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു.
നല്ല പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോണ്‍ ബുക്‌സ് ആണു പ്രസാധകര്‍. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനില്‍ വേഗയുടെ പ്രസാധനമികവും ഡിസൈന്‍ വൈദഗ്ധ്യവും ഒടിയന്‍ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റര്‍ അനിലിന്റെ വിരല്‍വരത്തിന്റെ മുദ്രയാണ്.
പുസ്തകത്തിന്റെ പ്രകാശനവിവരങ്ങള്‍ പിന്നീടറിയിക്കാം.
റിലീസിന് മുമ്പ് സൃഷ്ടിച്ച അമിത പ്രതീക്ഷയും ഹൈപ്പുമെല്ലാം ഒടിയന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് തിരിച്ചടിയായി. വ്യാപകമായി ഉയര്‍ന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ക്കിടയിലും തനിക്ക് പ്രിയപ്പെട്ട ചിത്രമായാണ് മോഹന്‍ലാല്‍ ഒടിയനെ വിശേഷിപ്പിച്ചത്.
odiyan screenplay book k harikrishnan