സിബിഐ 5ല്‍ മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചങ്കിലും സിനിമയില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
'സിബിഐ 5 കണ്ടു. മമ്മൂട്ടി വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പക്ഷെ സിനിമയില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. വൈഫൈയോ ബ്ലൂ ടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വെച്ച് എങ്ങനെയാണ് ഇരയുടെ പേസ്‌മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ സിനിമ പരാജയമായിരുന്നു', എന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
മമ്മൂട്ടി നായകനായെത്തി എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമയാണ് സി.ബി.ഐ 5 ദ ബ്രെയിന്‍. സി.ബി.ഐ സീരിസിലെ അഞ്ചാം സിനിമയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
മമ്മൂട്ടിയെക്കൂടാതെ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സായ്കുമാര്‍, ആശാ ശരത്, അനൂപ് മേനോന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. 1988ല്‍ റിലീസ് ചെയ്ത ഒരു സി.ബി.ഐ ഡയറിക്കുറുപ്പാണ് സിബിഐ സീരീസിലെ ആദ്യ സിനിമ. ശേഷം, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പ്രദര്‍ശനത്തിനെത്തി.