ബാഹുബലി, ആർ ആർ ആർ, മഗധീര തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചയാളാണ് കെ.കെ സെന്തിൽ കുമാർ. എന്നാൽ ആർ ആർ ആർ പോലെയുള്ള ഒരു വലിയ ചിത്രത്തിന് ശേഷവും താൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം ഈഗയാണ് എന്ന് കെ.കെ സെന്തിൽ കുമാർ പറയുന്നു. ഒരു ഈച്ചയെ കേന്ദ്ര കഥാപാത്രമാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈഗ. സിനിമയ്ക്ക് വേണ്ടി യാതൊരു തരത്തിലുമുള്ള റെഫറൻസുകൾ തങ്ങൾക്കുണ്ടായിരുന്നില്ല എന്ന് സെന്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് വേണ്ടി റിസർച്ച് ചെയ്യുമ്പോൾ ഞങ്ങൾ ധാരാളം ഈച്ചകളെ പിടിക്കുകയും അവയെ പഠിക്കുകയും ചെയ്തു. തണുപ്പുള്ളിടത്ത് കൊണ്ടുവന്നാൽ ഈച്ചകൾ അബോധാവസ്ഥയിലാവുകയും പിന്നീട് ബോധം വന്ന് പറന്നു പോവുകയും ചെയ്യുമെന്ന് ഞങ്ങൾ കണ്ടെത്തി. അങ്ങനെ ഞങ്ങൾ ഈച്ചകളെ മെെക്രോ ഫോട്ടോഗ്രാഫിയിൽ നീരീക്ഷിച്ച് കസ്റ്റം മേഡായി ഞങ്ങൾ സൃഷ്ടിച്ചെടുത്തതാണ് ഈഗയിലെ നായകനെന്ന് ഫിലിം കമ്പാനിയൻ നൽകിയ അഭിമുഖത്തിൽ കെ.കെ സെന്തിൽ കുമാർ പറഞ്ഞു.
കെ.കെ സെന്തിൽ കുമാർ പറഞ്ഞത്:
ആർ ആർ ആർ ചെയ്തതിന് ശേഷവും എനിക്ക് തോന്നുന്നുണ്ട് ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം ഈഗയാണെന്ന്. കാരണം ഞങ്ങൾക്ക് റെഫറൻസുകൾ ഒന്നുമുണ്ടായിരുന്നില്ല. ആരും അത് ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ആനിമേഷൻ ചെയ്യുന്ന ആളുകളാണ് അതിൽ ഏറ്റവും അടുത്തുള്ളതായി തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് റെഫറൻസുകൾ എടുത്തത് എ ബഗ്സ് ലെെഫ് എന്ന ചിത്രത്തിൽ നിന്നായിരുന്നു. ആനിമേഷനിൽ ഇത് കൊണ്ടുവരാൻ എളുപ്പമാണ്. പക്ഷേ റിയൽ ലെെഫിൽ നമ്മൾ ഇത് എങ്ങനെ ചെയ്യും എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ ഞങ്ങളുടെ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി ഹീറോയെ എങ്ങനെ ക്രിയേറ്റ് ചെയ്യും എന്നുള്ളതായിരുന്നു. തുടക്കത്തിൽ ഈ സിനിമയ്ക്ക് വേണ്ടി റിസർച്ച് ചെയ്യുമ്പോൾ ഞങ്ങൾ ധാരാളം ഈച്ചകളെ പിടിക്കുകയും അവയെ പഠിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ കണ്ടെത്തിയത് നമ്മൾ അവയെ തണുപ്പുള്ളിടത്ത് കൊണ്ടുവന്നാൽ ഈച്ചകൾ അബോധാവസ്ഥയിലാവുകയും പിന്നീട് ബോധം വന്ന് പറന്നു പോവുകയും ചെയ്യുമെന്ന് കണ്ടെത്തിയത്. അങ്ങനെ ഞങ്ങൾ ഈച്ചകളെ മെെക്രോ ഫോട്ടോഗ്രാഫിക്ക് കീഴിൽ നിരീക്ഷിച്ചു. അങ്ങനെ കണ്ടപ്പോഴാണ് അവ വളരെ വൃത്തികെട്ടതാണ് എന്ന് മനസ്സിലായത്. കൂടാതെ ഈച്ചകൾ പലതരത്തിലുമുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. അവരെ പഠിച്ച ശേഷം, ഞങ്ങൾ ഒരുപാട് കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ച് ഇഷ്ടാനുസൃതമായി ഈച്ചകളെ നിർമിച്ചു. അങ്ങനെ കസ്റ്റംമേഡ് ചെയ്താണ് ഞങ്ങൾ ഹീറോയെ സൃഷ്ടിച്ചത്.
2012ലാണ് ഈഗ എന്ന രാജമൗലി ചിത്രം റിലീസ് ചെയ്യുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 130 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. നാനിക്ക് പുറമെ സുദീപ്, സമാന്ത എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.