ഹിന്ദി രാഷ്ട്രഭാഷയാണെന്ന ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പരാമര്‍ശവും അതിന് മറുപടി നല്‍കിയ കന്നഡ നടന്‍ കിച്ച സുദീപിന്റെ ട്വീറ്റും തുടങ്ങിയ വിവാദത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്തും. ഹിന്ദിയല്ല സംസ്‌കൃതമാണ് രാജ്യത്തിന്റെ രാഷ്ട്ര ഭാഷയാക്കേണ്ടതെന്നാണ് താരത്തിന്റെ പ്രതികരണം.
കന്നട, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ നിന്ന് രൂപം കൊണ്ടവയാണെന്നാണ് കങ്കണ പറഞ്ഞത്. ധക്കട് സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. നിലവില്‍ ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷ. അജയ് ദേവ്ഗണ്‍ ഹിന്ദി ദേശീയ ഭാഷയാണ് എന്ന് പറഞ്ഞതില്‍ തെറ്റില്ല. എന്നാല്‍ ഞാന്‍ സുദീപ് പറഞ്ഞ കാര്യത്തെയും മനസിലാക്കുന്നു. അദ്ദേഹം പറഞ്ഞതും തെറ്റല്ല. കന്നടയും തമിഴും ഹിന്ദിയെക്കാള്‍ പഴയ ഭാഷയാണെന്ന് ഇനി ആളുകള്‍ പറയുകയാണെങ്കില്‍ അവരും തെറ്റല്ലെന്നും തന്റെ അഭിപ്രായത്തില്‍ സംസ്‌കൃതമായിരിക്കണം ദേശീയ ഭാഷയെന്നും താരം പറഞ്ഞു.
കങ്കണ റണാവത്തിന്റെ വാക്കുകള്‍:
'ഒരുപാട് വൈവിധ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്ള രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് ന്നെ നമ്മുടെ സ്വന്തം ഭാഷയില്‍ അഭിമാനം തോന്നുന്നത് നമ്മുടെ അവകാശമാണ്. ഞാനൊരു പഹാടിയാണ്. പക്ഷെ നമ്മുടെ രാജ്യത്തെ ഒന്നാക്കണമെങ്കില്‍ എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ഒരു ഘടകം ആവശ്യമാണ്. അങ്ങനെ ഇന്ത്യയുടെ ഭരണഘടന രൂപം കൊണ്ടപ്പോള്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയായി മാറി. ഇപ്പോള്‍ നിങ്ങള്‍ തമിഴാണ് ഹിന്ദിയേക്കാള്‍ പഴക്കമേറിയ ഭാഷയെന്ന് പറയുകയാണെങ്കില്‍, അതിലും പഴയ ഭാഷ സംസ്‌കൃതമാണ്. അപ്പോള്‍ എന്റെ അഭിപ്രായത്തില്‍ സംസ്‌കൃതമായിരിക്കണം നമ്മുടെ ദേശീയ ഭാഷ. കാരണം, കന്നട, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ നിന്ന് രൂപം കൊണ്ടവയാണ്. എന്തുകൊണ്ടാണ് സംസ്‌കൃതത്തിന് പകരം ഹിന്ദി രാഷ്ട്ര ഭാഷയായത് എന്ന നിങ്ങളുടെ ചോദ്യത്തിന് എന്റെ കയ്യില്‍ ഉത്തരമില്ല. ഈ പ്രശ്‌നത്തിന് ഒരുപാട് തലങ്ങളുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഭാഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ തലങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ ഹിന്ദിയെ തള്ളി പറയുമ്പോള്‍, അതിലൂടെ ഭരണഘടനയെയും ഡല്‍ഹി ഗവണ്‍മെന്റിനെയുമാണ് തള്ളിപറയുന്നത്.
നമ്മള്‍ പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍, ജെര്‍മന്‍, സ്പാനിഷ്, ഫ്രെഞ്ച് അവരെല്ലാം അവരുടെ ഭാഷയെ വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. കൊളോനിയല്‍ ചരിത്രം എത്ര ഭീകരമായിരുന്നാലും അവരെയെല്ലാം ബന്ധിപ്പിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് എന്നത്. ഇന്ന് നമ്മുടെ രാജ്യത്തും നമ്മള്‍ സംസാരിക്കുന്നതിനായി ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട്. അതായിരിക്കണോ നമ്മെ ബന്ധിപ്പിക്കുന്ന ഭാഷ അതോ ഹിന്ദി, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളായിരിക്കണോ നമ്മള്‍ അത് തീരുമാനിക്കണം. ഇതെല്ലാം മനസില്‍ വെച്ചുകൊണ്ട് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. നിലവില്‍ ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷ. അജയ് ദേവ്ഗണ്‍ ഹിന്ദി ദേശീയ ഭാഷയാണ് എന്ന് പറഞ്ഞതില്‍ തെറ്റില്ല. എന്നാല്‍ ഞാന്‍ സുദീപ് പറഞ്ഞ കാര്യത്തെയും മനസിലാക്കുന്നു. അദ്ദേഹം പറഞ്ഞതും തെറ്റല്ല. കന്നടയും തമിഴും ഹിന്ദിയെക്കാള്‍ പഴയ ഭാഷയാണെന്ന് ഇനി ആളുകള്‍ പറയുകയാണെങ്കില്‍ അവരും തെറ്റല്ല.
കൂടാതെ സൗത്ത്, നോര്‍ത്ത് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതും ബോളിവുഡില്‍ ഇതുവരെ ഒരു തെന്നിന്ത്യന്‍ നടന്‍ മുന്‍നിരതാരമായി വന്നിട്ടില്ല എന്നതും ദൗര്‍ഭാഗ്യകരമാണ്. കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍, ജര്‍മ്മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ ഉത്ഭവിച്ച സംസ്‌കൃതമാണ് നിയമാനുസൃതമായ ഭാഷയെന്ന് ഞാന്‍ പറയും. എന്തുകൊണ്ടാണ് സംസ്‌കൃത ഭാഷ ദേശീയ ഭാഷ അല്ലാത്തത് എന്തുകൊണ്ടാണ് സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധമാക്കാത്തത് അത് എനിക്കറിയില്ല'