ഒരു രാഷ്ട്രീയവുമില്ലാത്ത ഇടപെടലുകളാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്ന് നടൻ ജയസൂര്യ. താൻ ഒരു കലാകാരനാണെന്നും കലാകാരന് പാർട്ടിയില്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയിൽ സംസാരിക്കവേ ജയസൂര്യ പറഞ്ഞു. സാമൂഹിക പ്രതിബദ്ധത കൊണ്ടുള്ള ഇടപെടലാണ് തന്നെയും ജയസൂര്യയെയും ചില വിവാദങ്ങളിൽ പെടുത്തിയതെന്ന് നടൻ കൃഷ്ണകുമാറും പറഞ്ഞു.
ജയസൂര്യ പറഞ്ഞത്:
എന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്‍പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബിജെപിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'.
സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി, വെള്ളം തുങ്ങിയ സിനിമകളൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത് സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന സന്ദേശം നൽകും എന്നതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു.