'പേരൻപ്' എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യുടെ ഗ്ലിംസ് പുറത്തു വിട്ട് അണിയറ പ്രവർത്തകർ. പ്രണയത്തിന് വേണ്ടി കാലങ്ങളും നാടുകളും താണ്ടി സഞ്ചരിക്കുന്ന നായകന്റെ കഥയായിരിക്കും ചിത്രം എന്ന സൂചനയാണ് വീഡിയോ തരുന്നത്. 'മാനാട്' എന്ന ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം മുമ്പ് 53-ാം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെ നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
'റിച്ചി' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം സൂരിയും അഞ്ജലിയുംപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. പേരൻപിനു ശേഷം യുവൻ ശങ്കർ രാജയും റാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് എൻ.കെ.ഏകാംബരനാണ്. പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ കുമാർ, എഡിറ്റർ - മതി വിഎസ്, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ - സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ - ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഹനീഫ് അഥേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിൻ പോളിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജന ഗണ മന എന്ന സിനിമക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളീ ഫ്രം ഇന്ത്യയാണ് നിവിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ 'ഫാർമ' എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ സീരിസിൽ നായകനായി എത്തുന്നതും നിവിൻ പോളി ആണ്.