'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ
Published on

കരിയറിന്റെ ആ​ദ്യ ഘട്ടങ്ങളിൽ നേരിട്ട ബോഡി ഷെയ്മിം​ഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നടിയാണ് നിത്യ. എന്നാൽ ആദ്യ തെലുങ്ക് സിനിമ ചെയ്യുന്ന സമയം തന്റെ മുടിയുടെ പേരിലും ശരീരഘടനയുടെ പേരിലും തന്നെ പലരും വിമർശിച്ചിട്ടുണ്ടെന്ന് നിത്യ മേനോൻ പറയുന്നു. പലപ്പോഴും ഇത്തരം വിമർശനങ്ങൾ തനിക്ക് വേദനയുണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ ഈ വിമർശനങ്ങളെല്ലാം ഒരു വെല്ലുവിളിയായി സ്വീകരിച്ച് മികച്ചൊരു വ്യക്തിയായി മാറാനാണ് താൻ ശ്രമിച്ചതെന്നും ഇന്ത്യ ടു ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞു.

നിത്യ മേനോൻ പറഞ്ഞത്:

എല്ലാവരും എന്നോട് ഇത് പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ ആദ്യത്തെ തെലുങ്ക് സിനിമ ചെയ്യുന്ന സമയം നിങ്ങളുടെ മുടി വളരെ വിചിത്രമാണ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഇന്നത്തെക്കാലത്തെ പോലെ എല്ലാവർക്കും അന്ന് ചുരുണ്ട മുടി ഇഷ്ടമായിരുന്ന കാലഘട്ടമല്ലായിരുന്നു അത്. നിങ്ങൾക്ക് പൊക്കം കൂടുതലാണെന്നും കുറവാണെന്നും തടിച്ചിട്ടാണെന്നും പുരികങ്ങളും മുടിയും വലുതാണെന്നുമെല്ലാം അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് മറ്റ് ചോയിസുകളുണ്ടായിരുന്നില്ല. എനിക്ക് ഞാൻ അല്ലാതെ മറ്റാരും ആകാൻ സാധിക്കുമായിരുന്നില്ല. നിങ്ങൾക്ക് ഇങ്ങനെയുള്ള എന്നെ മതിയെങ്കിൽ സ്വീകരിച്ചാൽ മതിയെന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. നിങ്ങൾക്ക് സ്വയമേ മാറ്റാൻ സാധിക്കാത്ത നിങ്ങളുടെ രൂപത്തെക്കുറിച്ചാണ് ആളുകൾ നിങ്ങളെ വിമർശിക്കുന്നത്. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് നിങ്ങൾക്ക് വിമർശിക്കാൻ സാധിക്കുന്നത്. അവർക്ക് മാറ്റാൻ സാധിക്കുന്ന ഒരു കാര്യമല്ല അത്. വളരെ താഴ്ന്ന തരത്തിലുള്ള ചിന്താ​ഗതിയാണ് അത്. അതെന്നെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും അതെന്നെ ബാധിക്കാറുണ്ട്. നിങ്ങൾക്ക് ഹൃദയവും വികാരങ്ങളുമൊക്കെയുണ്ടെങ്കിൽ അത് നിങ്ങളെ ബാധിക്കും. എന്നാൽ അങ്ങനെ അത് ബാധിച്ചാൽ മാത്രമേ അത് മറികടന്ന് നിങ്ങൾ വളരുകയുള്ളൂ. ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് ഇത്. നിങ്ങളൊരു വെല്ലിവിളിയിൽ നിൽക്കുകയാണെങ്കിൽ നിങ്ങൾ ഭാ​ഗ്യവാനാണെന്ന് കരുതണം. നിങ്ങൾക്കെതിരെ വരുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് മികച്ചൊരു മനുഷ്യനാവാൻ ശ്രമിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in