സുരേഷ് ഗോപിക്കൊപ്പമുള്ള ഡബ്ബിങ്ങ് അനുഭവത്തെ കുറിച്ച് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. പലപ്പോഴും എഴുതിയ ഡയലോഗുകള്‍ നന്നായിയെന്ന് ബോധ്യമാവുക സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ അത് കേള്‍ക്കുമ്പോഴാണെന്ന് നിതിന്‍ ദ ക്യുവിനോട് പറഞ്ഞു. എഴുതി വെക്കുന്ന ഡയലോഗുകളെ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയെത്തിക്കുമെന്നും നിതിന്‍ അഭിപ്രായപ്പെട്ടു.
'സുരേഷ് ഏട്ടനൊപ്പം ഡബ്ബ് ചെയ്യാന്‍ നല്ല രസമാണ്. ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുമ്പോഴൊക്കെ സുരേഷേട്ടന്‍ പുലര്‍ച്ചയാണ് ഡബ്ബിങ്ങ് തുടങ്ങുന്നത്. രാവിലെ നാല് മണിക്ക് തുടങ്ങി 8 മണിയോടു കൂടി ആ ദിവസത്തെ ഡബ്ബിങ്ങ് തീരും. പിന്നെ നമ്മള്‍ എഴുതി വെക്കുന്ന ഡയലോഗ് ഒരുപക്ഷെ നമ്മള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ഒരു ഡപ്ത്ത് ഉണ്ടാവുകയാണ് ആ ശബ്ദത്തില്‍ അത് കേള്‍്ക്കുമ്പോള്‍. അതാണ് സുരേഷ് ഏട്ടന്റെ കാര്യത്തിലുള്ള എക്‌സൈറ്റ്‌മെന്റ്. ഒന്നോ രണ്ടോ വരിയുള്ള ചെറിയ ഡയലോഗ് നമ്മള്‍ എഴുതുമ്പോള്‍ നന്നാവുമെന്ന് നമുക്ക് അറിയാം. പക്ഷെ നമുക്ക് അത് ബോധ്യമാക്കി തരുന്നത് അദ്ദേഹം ആ ഡയലോഗ് പറയുമ്പോഴായിരിക്കും.' - നിതിന്‍ രണ്‍ജി പണിക്കര്‍
നവംബര്‍ 25നാണ് നതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം കാവല്‍ റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസിന് പിന്നാലെ സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവാണ് കാവലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തില്‍ തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.