ഫെബ്രുവരി 23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമ്മാതാക്കൾ പറയുന്ന പ്രൊജക്റ്ററിൽ സിനിമ പ്രദർശിപ്പിക്കാൻ തങ്ങൾക്ക് സാധിക്കില്ല. അത്തരം നിലപാടിൽ നിന്ന് നിർമാതാക്കൾ പിന്മാറണമെന്ന് തിയറ്റർ ഉടമകൾ പറയുന്നു. ഒപ്പം ഒ ടി ടി വ്യവസ്ഥകൾ ലംഘിച്ച് റിലീസ് നടത്തുന്നതിലും ഫിയോക്ക് പ്രതിഷേധം അറിയിച്ചു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.
പ്രൊജക്ടറുകളുടെ വില ഉയരുന്നതിനാൽ നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യമാണ് ഒപ്പം സിനിമ ഇരുപതും മുപ്പതും ദിവസം കഴിയുമ്പോൾ തന്നെ ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നു. അങ്ങനെ ഉണ്ടാകുമ്പോൾ എങ്ങനെയാണ് ഒരാൾ തിയറ്ററിൽ പോയി കാണുന്നത് എന്നാണ് ഫിയോക്ക് ഉന്നയിക്കുന്ന ചോദ്യം. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.
എന്നാൽ മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെ റിലീസ് തീരുമാനിച്ച ചിത്രങ്ങളുടെ പ്രദർശന തീയതിയിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി ഭാവിയിൽ സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഫിയോക്ക് ചർച്ചക്കായി അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ഒടിടിയുമായി നേരത്തെ തന്നെ കോൺട്രാക്ടിൽ ഏർപ്പെട്ട സിനിമകളാണ് 42 ദിവസങ്ങൾക്ക് മുന്നേ തന്നെ ഒടിടിയിലേക്ക് പോകുന്നത് എന്നും ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നതുമാണ് എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായ ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.