ആവശ്യമുള്ള സാധനം മാത്രം കക്കുന്ന ഒരു ചെറിയ കള്ളനാണ് ബോണി: നെസ്ലെന്‍ ഗഫൂര്‍

ആവശ്യമുള്ള സാധനം മാത്രം കക്കുന്ന ഒരു ചെറിയ കള്ളനാണ് ബോണി: നെസ്ലെന്‍ ഗഫൂര്‍
Published on

ഡിനോയ് പൗലോസിന്റെ രചനയില്‍ നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. ചിത്രത്തില്‍ നെസ്ലെന്‍ ഗഫൂറും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പത്രോസിന്റെ ബോണി എന്ന മകന്റെ വേഷമാണ് നെസ്ലെന്‍ ചെയ്യുന്നത്. ചിത്രത്തില്‍ തന്റെ കഥാപാത്രം ആവശ്യമുള്ള സാധനം മാത്രം കക്കുന്ന ഒരു ചെറിയ കള്ളനാണെന്ന് നെസ്ലെന്‍ ദ ക്യുവിനോട് പറഞ്ഞു.

'പത്രോസിന്റെ പടപ്പുകളുടെ ട്രെയ്‌ലര്‍ കണ്ടിട്ട് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു കള്ളനാണോ എന്ന്. അവന് ആവശ്യമുള്ള സാധനം മാത്രമാണ് അവന്‍ കക്കുന്നത്. വാഴക്കുല, ഗ്യാസിന്റെ സിലിന്‍ഡര്‍ അതുപോലെയുള്ള ചെറിയ സാധനങ്ങളാണ് കട്ടെടുക്കുന്നത്. കള്ളനാണോ എന്ന് ചോദിച്ചാല്‍ അവന്റെ ആവശ്യത്തിന് വേണ്ടി എടുക്കുന്നതാണ്. പക്ഷെ അത് തെറ്റ് തന്നെയാണ്. കള്ളന്റെ ഷെയിഡുള്ള കഥാപാത്രം തന്നെയാണ് ബോണി', എന്നാണ് നെസ്ലെന്‍ പറഞ്ഞത്.

ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'പത്രോസിന്റെ പടപ്പുകള്‍.' 'തണ്ണീര്‍മത്തന്‍ ദിനങ്ങളു'ടെ വമ്പന്‍ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഡിനോയ് പൗലോസിനൊപ്പം ഷറഫുദീന്‍, നസ്ലീന്‍, ശബരീഷ് വര്‍മ്മ, രഞ്ജിത മേനോന്‍, ഗ്രേയ്‌സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, വൈപ്പിന്‍ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നു.

മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍, ചിത്രസംയോജനം ആന്‍ഡ് ക്രീയേറ്റീവ് ഡയറക്ഷന്‍ സംഗീത് പ്രതാപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കലാ സംവിധാനം ആഷിക് എസ്, ചമയം സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ രാമചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായര്‍, സൗണ്ട് മിക്സ് അനീഷ് പി, വസ്ത്രാലങ്കാരം ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം സിബി ചീരന്‍, പരസ്യകല അനദര്‍റൗണ്ട്, യെല്ലോടൂത്ത്. പി.ആര്‍.ഒ. എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍.

Related Stories

No stories found.
logo
The Cue
www.thecue.in