മലയാളത്തിലെ ആദ്യത്തെ 50 കോടി ഗ്രോസ് കളക്ഷൻ ചിത്രമായ ദൃശ്യം പത്ത് വർഷം പിന്നിടുമ്പോൾ അതേ കൂട്ടുകെട്ടിന്റെ ചിത്രം തിയറ്ററുകളിലെത്തി ഒമ്പതാം ദിവസം അമ്പത് കോടി പിന്നിട്ടു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ആണ് ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത്. ഡിസംബർ 21നായിരുന്നു റിലീസ്. ക്രിസ്മസ് റിലീസായ സലാർ, ഡങ്കി എന്നീ സിനിമകളെ കളക്ഷനിൽ പിന്നിലാക്കിയാണ് നേര് മലയാളം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയത്. മോഹൻലാലിന്റെ കരിയറിലെ ആറാമത്തെ അമ്പത് കോടി പിന്നിടുന്ന ചിത്രമാണ് നേര്.
ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു നേര്. പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ തിരിച്ചു വരവും അനശ്വര രാജന്റെ മികച്ച പ്രകടനവും ചിത്രത്തിൽ പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. നേര് എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്ന് മുമ്പ് മോഹൻലാൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുമ്പേ പറഞ്ഞിരുന്നു. ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. സീക്കിങ് ജസ്റ്റിസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.