അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ
Published on

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ ദ റൂൾ'. 500 കോടി ബഡ്ജറ്റിലായി ഒരുങ്ങിയ ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷളാണ് ഉള്ളത്. നിലവിൽ ചിത്രത്തിന്റെ പ്രോമഷൻ പരിപാടികളുമായി തിരക്കിലാണ് പുഷ്പയുടെ മുഴുവൻ അണിയറ പ്രവർത്തകരും. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ അല്ലു അർജുൻ സമ്മതം അറിയിക്കുകയാണെങ്കിൽ അദ്ദേ​ഹത്തെ വെച്ച് ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനുള്ള ആ​ഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ നെൽസൺ ദിലീപ് കുമാർ.

നെൽസൺ ദിലീപ് കുമാർ പറഞ്ഞത്:

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്ക് എന്താ പ്രശ്നം. അദ്ദേഹത്തെ വെച്ച് ഡയറക്റ്റ് ഒരു തമിഴ് സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം. എനിക്ക് തെലുങ്ക് അറിയില്ല. ദേവി ശ്രീ പ്രസാദ് തെലുങ്കിൽ സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങനെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്താണ് ഈ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്ന്. അല്ലു അർജുനെ ഞാൻ ആദ്യമായി കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് തമിഴ് അറിയില്ല എന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം തമിഴ് സംസാരിക്കുന്നത് നോക്കി കഴിഞ്ഞാൽ മനസ്സിലാവും നമ്മളെപ്പോലെ തമിഴ് നന്നായി അറിയാവുന്ന ഒരാൾ സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം തമിഴ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വിചാരിച്ചാൽ ഒരു തമിഴ് സിനിമ ഡയറക്ടായി ഇവിടെ നമുക്ക് ചെയ്യാൻ സാധിക്കും. സാർ നിങ്ങൾ ഒരോ ഭാഷകളിലായി ഒരോ സിനിമകൾ ചെയ്യൂ.

പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അർജുന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബൻവാർ സിങ് ശെഖാവത് എന്ന വില്ലൻ പോലീസ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. അല്ലു അർജുനെയും ഫഹദ് ഫാസില്ലിനെയും കൂടാതെ രശ്മിക മന്ദാന, ശ്രീലീല തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബർ 5 ന് റിലീസിനെത്തും

Related Stories

No stories found.
logo
The Cue
www.thecue.in