'ഫിലിം സ്കൂളുകളിൽ ഒരു വർഷം പോയി പഠിക്കുന്നതിനെക്കാൾ അറിവ് ഒന്നിൽ കൂടുതൽ തവണ ഈ സീരീസ് കണ്ടാൽ ലഭിക്കും'; നെൽസൺ ദിലീപ് കുമാർ

'ഫിലിം സ്കൂളുകളിൽ ഒരു വർഷം  പോയി പഠിക്കുന്നതിനെക്കാൾ അറിവ് ഒന്നിൽ കൂടുതൽ തവണ ഈ സീരീസ് കണ്ടാൽ ലഭിക്കും'; നെൽസൺ ദിലീപ് കുമാർ
Published on

സിനിമാ നിർമാണത്തിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സീരീസ്സാണ് ബ്രേക്കിം​ഗ് ബാ​ഡ് എന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ബ്രേക്കിം​ഗ് ബാഡ് ഒന്നിൽ കൂടുതൽ തവണ കാണുകയാണെങ്കിൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും ഒരു ഫിലിം സ്കൂളിലോ കോളേജിലോ പഠിക്കുന്നതിനെക്കാൾ അറിവ് ബ്രേക്കിം​ഗ് ബാഡിൽ നിന്ന് ലഭിക്കുമെന്നും നെൽസൺ പറഞ്ഞു. സിനിമ വികടൻ നടത്തിയ ഫാൻസ് മീറ്റിൽ തന്റെ സിനിമകളിലെല്ലാം കാണുന്ന ബ്രേക്കിം​ഗ് ബാഡ് റെഫറൻസിനെക്കുറിച്ചുള്ള കാണികളിലൊരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നെൽസൺ ദിലീപ് കുമാർ.

നെൽസൺ ദിലീപ് കുമാർ പറഞ്ഞത്:

എന്നെ സംബന്ധിച്ചിടത്തോളം ഫിലിം മേക്കിം​ഗിലേക്ക് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സീരീസാണ് ബ്രേക്കിം​ഗ് ബാഡ്. ആ സീരീസ് ഒന്നിൽ കൂടുതൽ തവണ കാണുകയാണെങ്കിൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാൻ സാധിക്കും. അതിലെ കഥാപാത്രങ്ങൾ, ടെക്നിക്കൽ വശങ്ങൾ, ആ സീരീസിന്റെ സ്ക്രിപ്റ്റിങ്, അത് എങ്ങനെയാണ് ഒരു കഥാപാത്രത്തെ ഉയർത്തുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ ഒരു വർഷം സ്കൂളിലോ കോളേജിലോ പോയി പഠിക്കുന്നതിനെക്കാൾ ബ്രേക്കിം​ഗ് ബാഡ് ഒരു രണ്ട് മൂന്ന് തവണ കണ്ടാൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാം. ഞാൻ ബ്രേക്കിം​ഗ് ബാഡ് കാണുന്ന ഒരാളാണ് എന്നത് കൊണ്ട് തന്നെ സ്വാഭാവികമായി അതിന്റെ ഒരു സ്വാധീനം എന്റെ സിനിമയിൽ ചിലപ്പോൾ ഉണ്ടായിരിക്കാം. പക്ഷേ അങ്ങനെ ചെയ്യണം എന്ന് കരുതി ഞാൻ ഇതുവരെ അത് ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ സംവിധായകൻ ആകണമെന്ന് ആ​ഗ്രഹിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സീരീസ്സാണ് ബ്രേക്കിം​ഗ് ബാഡ്. ഞാൻ ഇതുവരെ കണ്ടിട്ടുള്ള സീരീസുകളിൽ എനിക്ക് മികച്ചത് എന്ന് തോന്നിയ ഒരു സീരീസ്സാണ് ബ്രേക്കിം​ഗ് ബാഡ്.

രജിനികാന്തിനെ നയാകനാക്കി സംവിധാനം ചെയ്ത ജയിലറാണ് നെൽസൺ ദിലീപ് കുമാറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 500 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജിനികാന്ത് അവതരിപ്പിച്ചത്. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in