95-ാമത് ഓസ്‌കാറില്‍ ഗുജറാത്തി ചിത്രം''ചെല്ലോ ഷോ'' ഇന്ത്യയുടെ ഓഫീഷ്യല്‍ എന്‍ട്രിയാകും. ബിഗ് ബജറ്റ് സിനിമകളായ ആര്‍ആര്‍ആറിനെയും കാശ്മീര്‍ ഫയല്‍സിനെയും പിന്തള്ളിക്കൊണ്ടാണ് പാന്‍ നളിന്‍ സംവിധാനം ചെയ്ത ചെല്ലോ ഷോയെ ഈ വര്‍ഷത്തെ ഔദ്യാഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്.
എസ്എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ''ബ്രഹ്‌മാസ്ത്ര'', വിവേക് അഗ്‌നിഹോത്രിയുടെ ''ദ കാശ്മീര്‍ ഫയല്‍സ്'', ആര്‍ മാധവന്‍ സംവിധാനം ചെയ്ത ''റോക്കട്രി ദ നമ്പി എഫക്റ്റ്'' തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും ജൂറി ചെല്ലോ ഷോയെ ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, ഗുജറാത്തി ഭാഷകളില്‍ നിന്നായി 13 സിനിമകളാണ് ജൂറി പരിഗണിച്ചിരുന്നത് എന്ന് ഇന്ത്യന്‍ ഫിലിം ഫെഡറേഷന്‍ പ്രസിഡന്റ് ടിപി അഗര്‍വാള്‍ പറഞ്ഞു.
സിനിമയുമായി പ്രണയത്തിലാകുന്ന ഒരു ഒമ്പതുവയസ്സുകാരന്റെ കഥപറയുന്ന സിനിമ നടക്കുന്നത് ഗുജറാത്തിലെ സൗരാഷ്ട്രയിലാണ്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ 2021 ഇല്‍ ഇരുപതാമത് ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'ലോകത്തെല്ലായിടത്തുനിന്നും സിനിമക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കുമ്പോഴും ഇന്ത്യ എങ്ങനെ സിനിമയെ കണ്ടെത്തും എന്നതില്‍ ഒരു ഹൃദയവേദനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് വീണ്ടും ശ്വസിക്കാനാവുന്നുണ്ട്, ഒപ്പം സിനിമക്ക് വിനോദവും പ്രചോദനവും പ്രബുദ്ധതയും നല്‍കാന്‍ സാധിക്കുമെന്നതില്‍ വിശ്വാസവും തോന്നുന്നു' എന്ന് സംവിധായകന്‍ പാന്‍ നളിന്‍ പ്രതികരിച്ചു.
കൂഴങ്കള്‍ (പെബില്‍സ് ) എന്ന തമിഴ് ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. എന്നാല്‍ 2001 ഇല്‍ റിലീസ് ചെയ്ത ആമിര്‍ഖാന്‍ സിനിമയായ ലഗാന്‍ ആണ് അവസാനമായി ലാസ്റ് ഫൈവ് ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ ചിത്രം. 2020 ഇല്‍ ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള സിനിമയും ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2023 മാര്‍ച്ച് 12 നാണ് 95-ാമത് ഓസ്‌കാര്‍ ചടങ്ങുകള്‍ ലോസ് ആന്‍ജെലസില്‍ വച്ച് നടക്കുക.