മീശമാധവനിലെ ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത് നടൻ നെടുമുടി വേണുവിനെയായിരുന്നു എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. അന്ന് ലാൽ ജോസ് ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച പളനിച്ചാമി എന്ന കഥാപാത്രം ഭഗീരഥൻ പിള്ളയുടെ ആവർത്തനമാകുമെന്ന് കരുതിയാണ് ജഗതിയെ പിന്നീട് ഈ കഥാപാത്രത്തിലേക്ക് കൊണ്ടു വരുന്നത് എന്നും രഞ്ജൻ പ്രമോദ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രഞ്ജൻ പ്രമോദ് പറഞ്ഞത്:
മീശമാധവനിലെ എല്ലാ കഥാപാത്രങ്ങളും മുൻ കൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആൾക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് നേരത്തെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ എന്ന ചിത്രവുമായി നമ്മൾ വരുന്ന സമയത്ത് അതിന് മീശമാധവൻ എന്ന് പേരായിട്ടുണ്ടായിരുന്നില്ല, ആവുന്നതിന് മുമ്പേ തന്നെ ആ സിനിമയെ ഡിസിട്രിബ്യൂഷൻ എടുക്കാനൊന്നും അന്ന് ആരുമുണ്ടായിരുന്നില്ല. ഞാനും ലാൽ ജോസും കൂടിച്ചേർന്ന് രണ്ടാം ഭാവം എന്നൊരു സിനിമ ചെയ്ത് പരാജയപ്പെട്ടു നിൽക്കുകയായിരുന്നു. അപ്പോൾ അതേ ടീം തന്നെ വീണ്ടും വരുന്നു, അതുകൊണ്ട് തന്നെ ആ സിനിമ ആരും എടുക്കാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് പറക്കും തളിക എന്ന ചിത്രത്തിന്റെ നിർമാതാക്കൾ ഈ ചിത്രവുമായി സഹകരിക്കാം എന്ന് പറഞ്ഞത്. പക്ഷേ അവർ അതിന് ഒരു കണ്ടീഷൻ പറഞ്ഞിട്ടുണ്ടായിരുന്നത് പറക്കും തളികയിലുണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിലുണ്ടാവണം എന്നാണ്. അവർക്ക് എല്ലാവർക്കും ഇതിൽ റോൾ ഉണ്ടാവണം എന്നായിരുന്നു. നോക്കിയാൽ അറിയാം, പറക്കും തളികയിലെ എല്ലാ ആർട്ടിസ്റ്റുകളും മീശമാധവനിലുണ്ടാകും. എല്ലാ കഥാപാത്രങ്ങളും ആരായിരിക്കും ചെയ്യുന്നത് എന്ന് അനുസരിച്ചാണ് എഴുതിയിരിക്കുന്നത്. ഇതെല്ലാം സംഭവിക്കുന്നതിന് മുമ്പ് ഭഗീരഥൻ പിള്ളയുടെ കഥാപാത്രം നെടുമുടി വേണു ചേട്ടൻ ചെയ്യണം എന്നായിരുന്നു ആലോചിച്ചിരുന്നത്. പിന്നെന്താണ് സംഭവിച്ചത് എന്നാൽ, ലാൽ ജോസിന്റെ തൊട്ട് മുന്നത്തെ സിനിമയായ മറവത്തൂർ കനവിൽ വേണു ചേട്ടൻ വന്നത് കൊണ്ട് കഥാപാത്രം ആവർത്തിക്കപ്പെടുന്നു എന്നൊരു ഫീൽ തോന്നരുത് എന്ന് കരുതിയാണ് വേണു ചേട്ടനെ അവിടെ നിന്ന് മാറ്റി അമ്പിളി ചേട്ടനിലേക്ക് ഇത് വരുന്നത്, അങ്ങനെയൊക്കെയുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും അവസാന എഴുത്തിൽ നമുക്ക് അറിയാമായിരുന്നു ഇത്രയും ആൾക്കാർ അടക്കമുള്ള കഥാപാത്രങ്ങൾ ഇതിലുണ്ടാവണം എന്നും എങ്കിൽ മാത്രമേ ഈ സിനിമ ഡിസ്ട്രിബ്യൂഷന് വേണ്ടി എടുക്കൂ എന്നും.