'സിനിമ ആവശ്യപ്പെടുന്നത് ചെയ്യുന്നു, അതില്‍ തെറ്റുപറയാന്‍ നൂറുപേരുണ്ടാകും'; മേക്കപ്പ് വിമര്‍ശനത്തില്‍ മാളവികയ്ക്ക് മറുപടിയുമായി നയന്‍താര

'സിനിമ ആവശ്യപ്പെടുന്നത് ചെയ്യുന്നു, അതില്‍ തെറ്റുപറയാന്‍ നൂറുപേരുണ്ടാകും'; മേക്കപ്പ് വിമര്‍ശനത്തില്‍ മാളവികയ്ക്ക് മറുപടിയുമായി നയന്‍താര
Published on

ഒരു സിനിമയിലെ ആശുപത്രി രംഗത്തില്‍ സാഹചര്യത്തിന് ചേരാത്ത വിധം മേക്കപ്പുചെയ്‌തെന്ന എന്ന നടി മാളവിക മോഹനന്റെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനമെങ്കിലും അത് തനിക്കെതിരെയാണെന്ന് മനസിലാക്കുന്നതായും അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ല എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയും സംവിധായകനും ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് താന്‍ ഒരു കഥാപാത്രത്തെ സ്‌ക്രീനിലെത്തിക്കുന്നത്. കൊമേഷ്യല്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ റിയലിസ്റ്റിക്കായി തന്നെ അവതരപ്പിക്കപ്പെടണമെന്ന് വാശിപിടിക്കാനാകില്ലെന്നും നയന്‍താര പറഞ്ഞു. 'കണക്ട്' എന്ന സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.

നയന്‍താരയുടെ വാക്കുകള്‍:

കഥാപാത്രങ്ങളുടെ വേഷത്തിന്റെയും മേക്കപ്പിന്റെയും പേരില്‍ ഞാന്‍ പലതവണ വിമര്‍ശനം നേരിട്ടിട്ടുണ്ട്. എന്നാല്‍ സംവിധായകര്‍ ആവശ്യപ്പെടുന്നതുപോലെ കഥാപാത്രങ്ങളെ പരുവപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അടുത്തിടെ മറ്റൊരു നടി ഇതുമായി ബന്ധപ്പെട്ട് ഒരു വിമര്‍ശനം നടത്തിയിരുന്നു. ആശുപത്രിയില്‍ പോലും മുടിയെല്ലാം ടിപ് ടോപ്പാക്കിവച്ചാണ് ഇരിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. പേരെടുത്ത് പറഞ്ഞില്ല എങ്കിലും അത് എന്നെക്കുറിച്ചാണെന്ന് മനസിലാകും. ആശുപത്രിയാണെങ്കില്‍ അവിടെ മുടി അഴിച്ചിട്ടിരിക്കണം എന്നുണ്ടോ? അവിടെയും രോഗികളെ പരിചരിക്കാനും, മുടിയൊതുക്കി നല്‍കുന്നതിനുമെല്ലാം ആളുണ്ടാകില്ലേ?

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. റിയലിസ്റ്റിക് സിനിമകളും കൊമേഷ്യല്‍ സിനിമകളും കഥാപാത്രങ്ങളില്‍ നിന്ന് ആവശ്യപ്പെടുത്ത് ഒരേ ലുക്ക് ആയിരിക്കണമെന്നില്ല. 'കണക്ട് 'എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം പതിനഞ്ചുകാരിയുടെ അമ്മയാണ്. ആ സാഹചര്യം ആവശ്യപ്പെടുന്നതുപോലെയായിരിക്കും എന്റെ രൂപം. എന്നുവച്ച് മുടി നരപ്പിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ?

ഒരു റിയലിസ്റ്റിക് സിനിമയിലാണെങ്കില്‍ ആ കഥാപരസരം ആവശ്യപ്പെടുന്ന നിലയിലേക്ക് നമ്മളെത്തണം. എന്നാല്‍ കൊമേഷ്യല്‍ സിനിമകളില്‍ അതേ രീതിയായിരിക്കില്ല. അങ്ങനെയൊരു കൊമേഷ്യല്‍ ചിത്രത്തിലെ രംഗമാണ് വിമര്‍ശിക്കപ്പെട്ടത്. അവിടെ സംവിധായകനാണ് അത്തരമൊരു ലുക്ക് ആവശ്യപ്പെട്ടത്. അതിലപ്പുറം, നൂറുപേരുണ്ടാകും ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയാന്‍. പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താന്‍ പിന്തുടരേണ്ടത് സംവിധായകരുടെ നിര്‍ദേശമാണ്.

മാളവിക മോഹനന്റെ വിമര്‍ശനം:

അടുത്തിടെ ഒരു സൂപ്പര്‍സ്റ്റാര്‍ നടിയുടെ സിനിമ കണ്ടിരുന്നു. ഒരു ആശുപത്രി രംഗത്തില്‍ മരിക്കാന്‍ കിടക്കുകയാണ് അവര്‍. അപ്പോഴും ഫുള്‍ മേക്കപ്പില്‍ ഒരു മുടി പോലും മാറികിടക്കാതെയായിരുന്നു അഭിനയം. ഒരു കൊമേഷ്യല്‍ സിനിമയാണെങ്കില്‍ പോലും അത്തരം സീനുകളില്‍ കുറച്ചെങ്കിലും റിയലിസ്റ്റിക്കായിരിക്കണ്ടേ? ഫുള്‍ മേക്കപ്പില്‍ എങ്ങനെയാണ് മരിക്കാന്‍ കിടക്കുന്ന ഒരാളായി അഭിനയിക്കുക എന്നായിരുന്നു മാളവികയുടെ വിമര്‍ശനം. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെയായിരുന്നു മാളവിക ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്. രാജാ റാണി എന്ന ചിത്രത്തിലെ നയന്‍താരയുടെ ഒരു രംഗം പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in