'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' എന്ന ചിത്രത്തിനെതിരെയുണ്ടായ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ജയ് ശ്രീറാം എന്ന തലക്കെട്ടോടുകൂടി ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നയൻതാരയുടെ ക്ഷമാപണം. അന്നപൂരണി എന്ന ചിത്രത്തിലൂടെ ഒരു പോസ്റ്റീവ് സന്ദേശം പ്രചരിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നും സ്വയം ഒരു വിശ്വാസിയായ തനിക്ക് ഒരിക്കലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സിനിമ ചെയ്യാൻ സാധിക്കില്ല എന്നും പങ്കുവച്ച കുറിപ്പിൽ നയൻതാര പറഞ്ഞു.
നയൻതാരയുടെ പോസ്റ്റ്:
അന്നപൂരണി' എന്ന എന്റെ സിനിമയെ സംബന്ധിച്ചു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചർച്ചകളെ തുടർന്ന് ഹൃദയഭാരത്തോടെയും ആത്മാർത്ഥതയോടെയുമാണ് താൻ ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ എടുത്തിരിക്കുന്നത്. ജീവിത യാത്രയെ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയുമെന്ന് മനസിലാക്കി തരാനാണ് ഞങ്ങൾ ശ്രമിച്ചത്.
അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. മുമ്പ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സെൻസർ ചെയ്ത സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, എനിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണത്. ഞങ്ങൾ കാരണം വേദനിച്ച ആളുകളോട്, ഞാൻ എന്റെ ആത്മാർത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു.
മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
'അന്നപൂരണി' എന്ന ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നു, ലവ് ജീഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹിന്ദു മത സംഘടനകൾ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇനിനെ തുടർന്ന് ചിത്രത്തിന്റെ നിർമാണ കമ്പിനിയായ സീ5 ഹിന്ദു പരിക്ഷത്തിന് കത്തയക്കുകയും ചിത്രം നെറ്റഫ്ലിക്കിസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, ജയ്, എന്നിവർക്കൊപ്പം സത്യരാജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് നയൻതാരയുടെ കഥാപാത്രം സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു ആരോപണം.