'കഹാനിയിലെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ പ്രകടനം എനിക്ക് മുഖത്തിനേറ്റ ഒരടി പോലെയാണ് തോന്നിയത്'; സുജോയ് ഘോഷ്

'കഹാനിയിലെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ പ്രകടനം എനിക്ക് മുഖത്തിനേറ്റ ഒരടി പോലെയാണ് തോന്നിയത്'; സുജോയ് ഘോഷ്
Published on

'കഹാനി'യിലെ ഖാൻ എന്ന കഥാപാത്രത്തിലേക്കുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ കാസ്റ്റിം​ഗ് അപ്രതീക്ഷിതമായ ഒന്നായിരുന്നുവെന്ന് സംവിധായകൻ സുജോയ് ഘോഷ്. 'ഖാൻ' എന്ന കഥാപാത്രത്തെ എഴുതുമ്പോൾ നല്ല നീളവും വലുപ്പവുമുള്ള ഒരാളായാണ് ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ നവാസിന്റെ പ്രകടനം തന്റെ സങ്കൽപ്പങ്ങളെ പൊളിച്ചെറിയുന്നതായിരുന്നു എന്നും മുഖത്തേറ്റ ഒരടി പോലെയാണ് അത് തനിക്ക് തോന്നിയതെന്നും സുജോയ് ഘോഷ് പറയുന്നു. മാഷബിള്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുജോയ് ഘോഷ്.

സുജോയ് ഘോഷ് പറഞ്ഞത്:

കഹാനിയിലെ അപ്രതീക്ഷിതമായ കാസ്റ്റിം​ഗ് ആയിരുന്നു നവാസുദ്ദീന്‍ സിദ്ദിഖിയുടേത്, ഖാൻ എന്ന കഥാപാത്രത്തെ എഴുതുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന രൂപം നല്ല നീളവും വലുപ്പവുമുള്ള ഒരാളാണ് ഈ കഥാപാത്രം എന്നതായിരുന്നു. അയാളെ കണ്ടാൽ തന്നെ നിങ്ങൾക്ക് ഒരു ​ഗാംഭീര്യം തോന്നണം. പിന്നീട് റോഷ്നിയാണ് എന്നോട് പറഞ്ഞത് നിങ്ങൾ ഒരു തവണ ഇദ്ദേഹത്തെ ഒന്ന് കണ്ട് നോക്കൂ. അന്ന് ഞാൻ നവാസിന്റെ ഒരു സനിമയും കണ്ടിട്ടുണ്ടായിരുന്നില്ല. കാഹനിയുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി നവാസിനെ കാണുന്നത്. എന്നെപ്പോലെ മെലിഞ്ഞ ഒരു മനുഷ്യൻ, ഞാൻ എഴുതിയ കഥാപാത്രവുമായി അയാൾക്ക് കേവല സാദൃശ്യം പോലുമുണ്ടായിരുന്നില്ല. എന്റെ കഥാപാത്രവും ആ മനുഷ്യനും രണ്ട് ദ്രുവങ്ങളിലായിരുന്നു. ഭൂമിയും ആകാശവും തമ്മിലുള്ള അന്തരമുണ്ടായിരുന്നു. എന്നാൽ ഞാൻ നവാസിനെ കണ്ടതിന് ശേഷം അയാൾ എന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. ഞാൻ അയാളോട് സംസാരിക്കുന്ന സമയത്ത് അയാൾക്ക് എവിടെയോ ഒരു ദേഷ്യമുണ്ടായിരുന്നു. എന്തിനാണ് ആ ദേഷ്യം എന്ന് എനിക്ക് അറിയില്ല. ആ ദേഷ്യം എന്റെ മേലെ ആയിരുന്നില്ല. പക്ഷേ അയാൾക്കുള്ളിൽ അതുണ്ടായിരുന്നു. അവിടെ നിന്ന് എനിക്ക് മനസ്സിലായി ഇതാണ് എന്റെ ഖാൻ എന്ന്. ഖാൻ എന്ന കഥാപാത്രത്തിന് അവൻ ഇരിക്കുന്ന കസേരയുടെ ശക്തിയിൽ നിന്നാണ് ദേഷ്യം വരുന്നത്. ഞാൻ നവാസിനോട് പറഞ്ഞൂ നീ ഇരിക്കുന്ന കസേരയ്ക്ക് ഒരുപാട് ശക്തികളുണ്ട് നീ അത് മുഴുവനായി പ്രയോജനപ്പെടുത്തണം എന്ന്. അതാണ് അവൻ ആ സിനിമയിൽ ചെയ്തതും.

കഥാപാത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റി മറിച്ച നവാസിന്റെ പ്രകടനം തനിക്ക് മുഖത്തേറ്റ ഒരടിപോലെയാണ് തോന്നിച്ചത് എന്നും സുജോയ് ഘോഷ് കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ കാസ്റ്റിം​ഗ് നടക്കുമ്പോൾ ഈ കഥാപാത്രത്തെ ഇത്തരത്തിൽ ശാരീക പ്രത്യേകതകളുള്ള ഒരാൾക്ക് മാത്രമേ അവതരിപ്പിക്കാൻ സാധിക്കൂ അല്ലെങ്കിൽ ഇത്തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ അയാൾക്ക് ഉണ്ടാവണം എന്ന തന്റെ തോന്നലിനേറ്റ പ്രഹരമാണ് നവാസിന്റെ കഹാനിയിലെ ഖാൻ എന്ന കഥാപാത്രം എന്ന് സുജോയ് ഘോഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ അടിയുടെ ശബ്ദം ഇപ്പോഴും എനിക്ക് എന്റെ കാതിൽ മുഴങ്ങി കേൾക്കാൻ സാധിക്കും. വിദ്യ താജ് ബം​ഗാളിൽ തമാസിക്കുന്ന സമയം. ഞാൻ വിദ്യയെ കാണാൻ വേണ്ടി പോവുകയായിരുന്നു. പെട്ടെന്ന് ഞാൻ നോക്കിയപ്പോൾ താജ് ഹോട്ടലിന്റെ താഴെ നിന്ന് നവാസ് കണ്ണാടിയൊക്കെ വച്ചിട്ട് മുഴുവൻ സ്ക്രിപ്റ്റും വായിച്ചു നോക്കുകയാണ്. അതൊരു അത്ഭുതകരമായ കാര്യമായിരുന്നു. ഒരു വിദ്യാർത്ഥിയെപ്പോലെ താജ് ഹോട്ടലിന്റെ ലോബിയിൽ ഇരുന്ന് തിരക്കഥ വായിക്കുന്ന നവാസ്. എന്റെയുള്ളിൽ ഇപ്പോഴും ആ ചിത്രമുണ്ട്. എന്താണ് ചെയ്യുന്നത് എന്ന് ഞാൻ അവനോട് ചോദിച്ചപ്പോൾ ഒന്നുമില്ല ഞാൻ വിദ്യയെ ആദ്യമായി കാണാൻ പോവുകയാണ് അതുകൊണ്ട് തന്നെ എന്റെ കഥാപാത്രത്തിന്റെ സംഭഷണങ്ങൾ ഞാൻ അറിഞ്ഞിരിക്കണം എന്ന് നവാസന് എന്നോട് പറഞ്ഞു. സുജോയ് ഘോഷ് പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in