പുരുഷന്റെ പരാമര്‍ശത്തിലും ക്രൂശിക്കപ്പെടുന്നത് സ്ത്രീ, ക്ഷമ ചോദിക്കണമെങ്കില്‍ ചെയ്യാമെന്ന് നവ്യ

പുരുഷന്റെ പരാമര്‍ശത്തിലും ക്രൂശിക്കപ്പെടുന്നത് സ്ത്രീ, ക്ഷമ ചോദിക്കണമെങ്കില്‍ ചെയ്യാമെന്ന് നവ്യ
Published on

ഒരുത്തീ സിനിമയുടെ സക്‌സസ് പ്രസ്മീറ്റില്‍ മീടുവിനെ കുറിച്ച് നടന്‍ വിനായകന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യ നായര്‍. വിനായകന്റെ വാക്കുകള്‍ ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണം. ഇനി താന്‍ മാപ്പ് ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ അത് ചെയ്യാമെന്നും നവ്യ പറയുന്നു. മാധ്യമങ്ങളോടായിരുന്നു നവ്യയുടെ പ്രതികരണം.

നവ്യ പറഞ്ഞത്:

എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാന്‍ മൈക്ക് പല പ്രാവശ്യം വാങ്ങാന്‍ ശ്രമിച്ചു. അതിന് അപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്ക് ഇല്ല. അന്ന് ഉണ്ടായ സംഭവങ്ങള്‍ക്ക് ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം കഴിയുമെങ്കില്‍ എല്ലാവരോടും ഞാന്‍ പൂര്‍ണ്ണ മനസോടെ ക്ഷമ ചോദിക്കുന്നു. പിന്നെ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. പിന്നെ എന്നെക്കാളും വലിയ അളവില്‍ അവിടെ പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. പക്ഷെ നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെ അടുത്താണ്.

ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഇവിടെ ഒരുപാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒക്കെ വന്ന് കാണുന്നുണ്ട്. ഈ സിനിമയാണ് ശരിക്കും ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. ഞാന്‍ ഇന്ന് തൃപൂണിത്തറ തിയേറ്ററില്‍ വന്ന് നില്‍ക്കുന്നതും ആ സ്ത്രീകളോടൊപ്പം അവര്‍ക്കെന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാനാണ്.

പത്ത് കൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അപ്പോള്‍ എന്റെ ഒരു സന്തോഷം ആഘോഷിക്കാന്‍ ദയവ് ചെയ്ത് നിങ്ങള്‍ സമ്മതിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കരുത്. എന്ത് പറഞ്ഞാലാണ് വിവാദമാകുക എന്ന് അറിയില്ല. പിന്നെ അത്രയൊക്കെ സൂക്ഷിച്ച് നമുക്ക് ഇമോഷണലായി മറുപടി പറയാനും കഴിയില്ല. അപ്പോള്‍ ദയവ് ചെയ്ത് ഇത്തരം ചോദ്യങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കണം. ഇനി എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in