സര്‍ക്കാരിന് ഈ സ്ഥാനം അലങ്കാരം മാത്രം: എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെതിരെ നാടക് സംഘടന

സര്‍ക്കാരിന് ഈ സ്ഥാനം അലങ്കാരം മാത്രം: എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെതിരെ നാടക് സംഘടന
Published on

ഗായകന്‍ എം.ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാകുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് നാടക കലാകാരന്‍മാരുടെ സംഘടനയായ 'നാടക്'. സംഗീതവുമായി ബന്ധമുള്ളതിനാലായിരിക്കാം എംജി ശ്രീകുമാറിനെ ചെയര്‍മാനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അക്കാദമിയില്‍ കൂടുതലും നാടകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ക.പി ഉമ്മറിനെ പോലെയും തിക്കൊടിയനെ പോലെയും മഹത്തായ ആളുകള്‍ ഇരുന്ന കസേരയാണ് അത്. പിന്നെ ഇടത്പക്ഷ സര്‍ക്കാര്‍ പോലും ആ സ്ഥാനത്തെ ഒരു അലങ്കാരമായാണ് കാണുന്നതെന്നും നാടക് സംഘടന പ്രതിനിധി മോഹന്‍ കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

നാടക് സംഘടന പ്രതിനിധി പറഞ്ഞത്:

'നാടകിന് എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി വരുന്നതില്‍ താത്പര്യമില്ല. അദ്ദേഹത്തിന് സംഗീതവുമായി ബന്ധമുള്ളതിനാലായിരിക്കാം ഇങ്ങനെയൊരു തീരുമാനം. പക്ഷെ അക്കാദമിയില്‍ കൂടുതലും നാടകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലൊക്കെ മുരളിയെ പോലൊരു ആള്‍ തലപ്പത്തിരുന്നപ്പോളാണ് നടന്നത്. കാരണം മുരളി ഒരു സിനിമ നടന്‍ എന്നതിന് അപ്പുറം അദ്ദേഹം ഒരു നാടകക്കാരനായിരുന്നു. കെ.പി ഉമ്മറിനെ പോലെയും തിക്കൊടിയനെ പോലെയും മഹത്തായ ആളുകള്‍ ഇരുന്ന കസേരയാണ് അത്. പിന്നെ ഇടത്പക്ഷ സര്‍ക്കാര്‍ പോലും ആ സ്ഥാനത്തെ ഒരു അലങ്കാരമായാണ് കാണുന്നത്. അതുകൊണ്ടാണല്ലോ മുകേഷും കെപിഎസി ലളിതയെ പോലുള്ളവരൊക്കെ അവിടെ ഇരുന്നത്. കെപിഎസി ലളിത ഒരു നാടക കലാകാരിയായിട്ട് പോലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്തായാലും എംജി ശ്രീകുമാര്‍ ചെയര്‍മാന്‍ ആകുന്നതില്‍ നാടകിന് യോജിപ്പില്ല.

മാത്രമല്ല നാടകത്തിന് മാത്രായൊരു അക്കാദമി വേണമെന്ന് നാടക് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലനുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് അത് പരിഗണിക്കാവുന്ന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഇടത്പക്ഷ സാംസ്‌കാരിക നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നാടക് സിപിഐഎമ്മിന്റെ പോഷക സംഘടനയൊന്നുമല്ല. ഞങ്ങള്‍ സ്വതന്ത്രമായ ചിന്തകളും അഭിപ്രായങ്ങളുമൊക്കെ ഉള്ളവരാണ്. എന്നാല്‍ കലാകാരന്‍മാരില്‍ ഭൂരിപക്ഷം വരുന്നവരും ഇടത്പക്ഷ ചിന്താഗതിക്കാരാണ്. നാടകിന്റെ രീതികളും വര്‍ഗീയതയ്ക്ക് എതിരാണ്. അത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും സംഘപരിവാര്‍ രാഷ്ട്രീയത്തോടൊന്നും നാടകിന് യോജിപ്പില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂലമായ നിലപാടുകള്‍ എടുത്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഇതില്‍ ഇടത്പക്ഷ സര്‍ക്കാരിന് എവിടെ വീഴ്ച്ച പറ്റിയെന്നാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്.'

നിലവില്‍ കെ.പി.എ.സി ലളിതയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍. സംഘപരിവാര്‍ സഹയാത്രികനായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും ബിജെപിക്ക് വേണ്ടി കഴക്കൂട്ടത്ത് പ്രചരണം നടത്തുകയും ചെയ്ത എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ ഇടതുപക്ഷ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിയോജിപ്പ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in