ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ
Published on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന സിനിമയുടെ പേരിൽ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്. അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തുന്നവരോട് ഫോട്ടോയും ഡീറ്റെൽസും ചോദിക്കുന്നതോടൊപ്പം പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനോടകം ഒരുപാട് പേരിൽ നിന്ന് പണം കവർന്നിട്ടുണ്ടെന്നും തട്ടിപ്പിന് പിന്നിൽ വലിയ സംഘം ഉണ്ടെന്നുമാണ് വിവരം.

9544199154, 9605025406 എന്നീ നമ്പറുകളിൽ നിന്നാണ് സംഘം സന്ദേശങ്ങൾ അയക്കുന്നത്."ടൊവിനോയുടെ പടമാണ്, പോലീസ് ക്യാരക്ടറാണ്, വയനാട് ഫോറസ്റ്റിലാണ് ഷൂട്ടിം​ഗ് നടക്കുന്നത്, ആറ് ദിവത്തെ ഷൂട്ടിം​ഗ് ഉണ്ടാവും എന്നെല്ലാം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച ശേഷം DLXB0000009 എന്ന IFSE കോഡ് വരുന്ന 000900100003336 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്.

സിനിമാ മോഹവുമായി എത്തുന്നവരെ ചൂഷണം ചെയ്യുന്ന ഇടപെടലാണ് നടക്കുന്നതെന്നും ആളുകൾ കൂടുതൽ ജാഗ്രതയോടെ ഇത്തരം കോളുകളെ നോക്കിക്കാണണം എന്നും നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കുട്ടനാട്, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ വയനാട്ടിൽ നടക്കുകയാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in