തിയേറ്ററില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍; ആഘോഷമാക്കാന്‍ ഭീഷ്മപര്‍വ്വവും നാരദനും ഹേ സിനിനാമികയും

തിയേറ്ററില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍; ആഘോഷമാക്കാന്‍ ഭീഷ്മപര്‍വ്വവും നാരദനും ഹേ സിനിനാമികയും
Published on

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ പൂര്‍ണ്ണമായും സജീവമായിരിക്കുകയാണ്. ഇന്ന് നൂറ് ശതമാനം പ്രവേശനാനുമതിയോടെ കേരളത്തിലെ തിയേറ്ററുകളില്‍ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വം', ടൊവിനോയുടെ 'നാരദന്‍', ദുല്‍ഖറിന്റെ 'ഹേ സിനാമിക'. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ആദ്യമായി എത്തുന്ന വമ്പന്‍ റിലീസുകളാണ് മൂന്ന് ചിത്രങ്ങളും.

കേരളത്തില്‍ 350ഓളം തിയേറ്ററിലാണ് അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോ ആയ ഭീഷ്മപര്‍വ്വം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 'ഞാന്‍ ചെയ്ത ഗാങ്ങ്സ്റ്റര്‍ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്.' എന്നാണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ കുറിച്ച് ദ ക്യുവിനോട് പറഞ്ഞത്.

മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നാരദന്‍. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഉണ്ണി ആര്‍ ആണ് കഥ. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍വ എന്നിവരും ചിത്രത്തിലുണ്ട്.

കോറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖറിന്റെ ഹേ സിനാമിക. തമിഴ് ചിത്രമായ ഹേ സിനാമിക കേരളത്തില്‍ 100ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥി റാവു ഹൈദരി, കാജള്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍.

അതേസമയം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് ബോക്‌സ് ഓഫീസില്‍ അച്ഛന്‍ മകന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in