'തുടർച്ചയായി മികച്ച സിനിമകളാണ് മലയാളത്തിൽ സംഭവിക്കുന്നത്, അതിൽ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമാകും': നാനി

'തുടർച്ചയായി മികച്ച സിനിമകളാണ് മലയാളത്തിൽ സംഭവിക്കുന്നത്, അതിൽ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമാകും': നാനി
Published on

തുടർച്ചയായി മികച്ച സിനിമകളാണ് മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്നതെന്ന് തെലുങ്ക് നടനും നിർമ്മാതാവുമായ നാനി. 'സരിപോദാ ശനിവാരം' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്സ്മീറ്റിലാണ് നാനി മലയാള സിനിമയെക്കുറിച്ച് പറഞ്ഞത്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങൾ ഇഷ്ടപ്പെട്ടു. ആടുജീവിതം ഗംഭീര സിനിമയാണെന്ന് കേട്ടു. ഇതുവരെയും ചിത്രം കാണാൻ കഴിഞ്ഞിട്ടില്ല. ഈ ലിസ്റ്റിൽ നിന്ന് കൃത്യമായി ഒരു സിനിമ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമായിരിക്കുമെന്നും ഈ വർഷം തുടർച്ചയായി മികച്ച സിനിമകളാണ് മലയാളത്തിൽ സംഭവിക്കുന്നതെന്നും നാനി മാധ്യമങ്ങളോട് പറഞ്ഞു. 'സരിപോദാ ശനിവാരം' ആഗസ്റ്റ് 29 ന് തിയറ്ററുകളിലെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം പ്രദർശിപ്പിക്കും.

നാനി പറഞ്ഞത്:

ഈ അടുത്ത് ഇറങ്ങിയ ഒരുപാട് മലയാള സിനിമകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് തന്നെ തുടങ്ങാം. അസാധ്യ സിനിമയായിരുന്നു അത്. ആവേശവും അത്തരത്തിലുള്ള സിനിമയായിരുന്നു. ഭീഷ്മ പർവ്വം കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണൂർ സ്‌ക്വാഡും എനിക്ക് ഇഷ്ടമായി. ഈ ലിസ്റ്റ് ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കാം. പ്രേമലു ഗംഭീരസിനിമയാണെന്ന് കേട്ടിരുന്നു. ആടുജീവിതം എന്ന ചിത്രം ബ്രില്യന്റ് ആണെന്ന് കേട്ടിരുന്നു. ഇതുവരെ എനിക്ക് സിനിമ കാണാൻ ആയിട്ടില്ല. ഇതുപോലെ ഒരുപാട് സിനിമകൾ. ഇതിൽ നിന്ന് കൃത്യമായി ഒരു സിനിമ പറയാൻ പറഞ്ഞാൽ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഈ വർഷം റിലീസായ സിനിമകൾ പറഞ്ഞാൽ. തുടരെ തുടരെ മികച്ച സിനിമകൾ വന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിൽ. ഒരു മാസം തന്നെ മൂന്ന് പ്രിയപ്പെട്ട സിനിമകൾ എന്ന പോലെയാണിത്.

മലയാളത്തിൽ ഞാൻ ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ ആരെയൊക്കെ അതിൽ ഉൾപ്പെടുത്തും എന്ന് ചോദിച്ചാൽ, മലയാളത്തിൽ നിന്നുള്ള എല്ലാവരെയും എന്നാണ് എന്റെ മറുപടി. മലയാള സിനിമയ്ക്ക് മാത്രമുള്ള സാധ്യതകളാണ് അതൊക്കെ. വേറെ എവിടെയും അങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി എഴുതിയിട്ടുള്ള ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ പോലും തമിഴിലോ തെലുങ്കിലോ എല്ലാവരെയും വെച്ച് ഒരു സിനിമ ചെയ്യാൻ സാധിക്കില്ല. പക്ഷെ മലയാളത്തിൽ അങ്ങനെ ഒരു സാധ്യതയുണ്ട്. അവസരം കിട്ടിയാൽ അങ്ങനെ ഒരു സിനിമ നിർമ്മിക്കാൻ ഞാൻ തയ്യാറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in