'പ്രഭാസിനെ കോമാളിയെന്ന് വിളിച്ചതുകൊണ്ട് ആ നടന് വലിയ പബ്ലിസിറ്റിയാണ് ലഭിച്ചത്': അര്‍ഷാദ് വാര്‍സിയെ വിമര്‍ശിച്ച് നാനി

'പ്രഭാസിനെ കോമാളിയെന്ന് വിളിച്ചതുകൊണ്ട് ആ നടന് വലിയ പബ്ലിസിറ്റിയാണ് ലഭിച്ചത്': അര്‍ഷാദ് വാര്‍സിയെ വിമര്‍ശിച്ച് നാനി
Published on

പ്രഭാസിന്റെ കോമാളിയെന്ന് പറഞ്ഞതുകൊണ്ട് അര്‍ഷാദ് വാര്‍സിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പബ്ലിസിറ്റിയാണെന്ന് നടനും നിര്‍മ്മാതാവുമായ നാനി. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളും ബോളിവുഡും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. അര്‍ഷാദ് വാര്‍സിയുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം. പ്രഭാസിനെ കോമാളിയെന്ന് വിളിച്ച നടന്റെ പരാമര്‍ശത്തെ അനാവശ്യമായി വലുതാക്കി കാണിക്കേണ്ടതില്ലെന്നും നാനി കൂട്ടിച്ചേര്‍ത്തു.'സരിപോദാ ശനിവാരം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നാനി ഇക്കാര്യം പറഞ്ഞത്. പ്രഭാസ് കാരണം ആ നടന്റെ പേര് ഹൈലൈറ്റ് ആയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദില്‍രാജു ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു. മുന്നാഭായ് എംബിബിഎസ്, ഗോല്‍മാല്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടനാണ് അര്‍ഷാദ് വാര്‍സി. 'കോമാളി' പരാമര്‍ശത്തിന് ശേഷം നടന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

കല്‍ക്കി സിനിമയിലെ പ്രഭാസിന്റെ പ്രകടനം ഒരു കോമാളിയെപ്പോലെ ആയിരുന്നു എന്നാണ് അര്‍ഷാദ് വാര്‍സി സാംദിഷ് ഭാട്ടിയയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞത്. അവര്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നതെന്ന് ചോദിച്ച നടന്‍ ചിത്രം തനിക്കിഷ്ടമായില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ കാര്യം സങ്കടകരമായിരുന്നെന്നും അര്‍ഷാദ് വാര്‍സി പറഞ്ഞു. തനിക്ക് ഒരു 'മാഡ് മാകസ്' ആയിരുന്നു കാണേണ്ടിയിരുന്നത്. എന്നാല്‍ അവരെന്തിനാണ് ഇങ്ങനെ ചിത്രമെടുത്തതെന്ന് നടന്‍ ചോദിച്ചു. പോഡ്കാസ്റ്റില്‍ പ്രഭാസിന്റെ പരിഹസിച്ച നടന്‍ അമിതാബ് ബച്ചനെ പുകഴ്ത്തുകയും ചെയ്തു. അമിത് ജീ ഒരു അസാധ്യ മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ ശക്തി കിട്ടിയാല്‍ ജീവിതം ഭംഗിയാകുമെന്നും വാര്‍സി പറഞ്ഞു.

പ്രഭാസ്, അമിതാബ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി' തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കല്‍കി 2898 എഡി. ചിത്രം ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലിക്‌സിലും ലഭ്യമാകും.

Related Stories

No stories found.
logo
The Cue
www.thecue.in