ഒരിക്കൽ ഒരേ ബഞ്ചിൽ ഒന്നിച്ച് പഠിച്ചവർ, കുറേ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടുന്നു, ആ കൂടിക്കാഴ്ച സൗഹൃദത്തിൽ നിന്ന് ഭയപ്പെടുത്തുന്ന സംഘർഷ ഭരിതമായ ചില സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നു. നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ച ഫീൽ ഇതായിരുന്നു. തിയറ്റർ സ്ക്രീനിൽ ത്രില്ലടിപ്പിച്ച ട്രെയിലറിന് പിന്നാലെ സിനിമയുടെ പുതിയ ടീസർ പുറത്തുവന്നു.
ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും, വിൽസൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുഡ് വിൽ എന്റർടെയിൻമെന്റ്സാണ് വിതരണം.
സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെയില്ലാത്ത ചിത്രമെന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിയ്ക്കുണ്ട്. സുഹൃത്തുക്കളുടെ ഇതുച്ചേരലും സംഭാഷങ്ങളും സംഘട്ടങ്ങളുമെല്ലാമാണ് ടീസറിൽ കാണാൻ കഴിയുന്നത്. ചിത്രം ജൂൺ 30 ന് തിയറ്ററുകളിലെത്തും.
സംവിധായകൻ മർഫി ദേവസി സിനിമയെക്കുറിച്ച് ക്യു സ്റ്റുഡിയോയിൽ
കുറച്ച് സുഹൃത്തുക്കളുടെ, അതായത് പണ്ട് ഒരുമിച്ച് പഠിച്ചിരുന്ന കുറച്ച് പേരുടെ കഥയാണ് ഈ സിനിമ. വർഷങ്ങളായി ഒരുമിച്ച് പഠിച്ചതിന് ശേഷം പിന്നീട് കണ്ടുമുട്ടുന്ന സുഹൃത്തുക്കൾ, വർഷങ്ങളുടെ പഴക്കം കൊണ്ട് ഈ വ്യക്തികൾക്കുണ്ടായ മാറ്റങ്ങൾ ഇതൊക്ക പ്ലോട്ടിലുണ്ട്. ഓരോരുത്തരും പഠനകാലത്തെ ബോധ്യം വച്ചാണ് പരസ്പരം ഇടപെടുന്നത്. അന്ന് ക്ലാസ്മുറിയിൽ കണ്ട അതേ സ്വഭാവമായിരിക്കില്ല വർഷങ്ങൾക്കിപ്പുറം. ത്രില്ലിങ്ങ് എലമെന്റിന് വേണ്ടി കാടിനുള്ളിൽ ഒരു വീട് കൊണ്ടു വരിക എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാടിനുള്ളിലെ വീട്ടിലേക്ക് എന്തിന് അവർ എത്തി എന്നതിൽ പോലും കൃത്യമാണ് റീസൺ ഉണ്ട്.
റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്.