ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചിത്രം ഒരു രാത്രി മാത്രം നടക്കുന്ന കഥയല്ല എന്നും, കഥാപാത്രങ്ങളുടെ ആ ദിവസത്തിലേക്കുള്ള യാത്ര കൂടെ ചേർന്നതാണ് എന്നും സംവിധായകൻ മർഫി ദേവസി പറഞ്ഞു. പഴയ ഒരു സുഹൃത്തിനൊപ്പം വളരെ കാലത്തിന് ശേഷം ഒരു യാത്ര ചെയ്യുന്നു. യാത്രയുടെ അന്ത്യത്തിൽ അയാളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുമ്പോൾ അത് അഭിമുഖീകരിക്കാൻ കഴിയാതാകുന്നു. ആ അവസ്‌ഥയാണ് 'നല്ല നിലാവുള്ള രാത്രി'യുടെ കഥാതന്തുവെന്ന് മർഫി ദേവസി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു രാത്രിയിൽ നടക്കുന്ന കോൺഫ്ലിക്റ്റും മറ്റു പ്രശ്നങ്ങളും സിനിമയിലുണ്ട്. പക്ഷെ അത് മാത്രമല്ല ചിത്രം. അതിന് മുൻപുള്ള കഥാപാത്രങ്ങളുടെ ജീവിതവും, ആ ദിവസത്തിലേക്ക് അവർ എത്തുന്ന ഒരു യാത്രയും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം അൺപ്രഡിക്റ്റബിൾ ആണെന്ന് മർഫി പറഞ്ഞു. പഴയ ഒരു സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ, അവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകും. ചിലപ്പോൾ സ്വഭാവം അതു തന്നെയായിരിക്കും, പക്ഷെ അത് മൂടിവയ്ക്കപ്പെട്ട സ്വഭാവമായിരിക്കുമെന്നും മർഫി ദേവസി കൂട്ടിച്ചേർത്തു.
നമ്മൾ ഒരാളുടെ കൂടെ യാത്ര ചെയ്താലാണ് അവരുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാനാകുക എന്ന് പറയും. വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുന്നു, ആ യാത്രയുടെ അവസാനം അയാളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുമ്പോൾ, നമുക്ക് അത് അഭിമുഖീകരിക്കാൻ പറ്റാതാകുന്ന അവസ്ഥയുണ്ടല്ലോ,അതാണ് ഈ ചിത്രത്തിന്റെ ഒരു ഫേസ്.
മർഫി ദേവസി
റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. ചിത്രം ജൂൺ 30 ന് തിയറ്ററുകളിലെത്തും. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.