സംവിധായകൻ ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണെന്ന് നടൻ നാഗാർജുന. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ നാഗാർജുനയും അഭിനയിക്കുന്നുണ്ട്. താൻ വളരെയധികം ആസ്വദിച്ചാണ് കൂലിയിൽ അഭിനയിച്ചതെന്നും ഒപ്പം വളരെ ആകാംഷയോടെയാണ് താൻ ആ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നതെന്നും നാഗാർജുന പറഞ്ഞു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ അന്യഭാഷകളിൽ ഏറെ നാളുകൾക്ക് ശേഷം ചെയ്യുന്ന പ്രൊജക്ടുകളെക്കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നാഗാർജുന.
നാഗാർജുന പറഞ്ഞത്:
ഞാൻ ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ അഭിനയിക്കുന്നുണ്ട്. ലോകേഷ് ജെൻ - സി അല്ല. പക്ഷെ അദ്ദേഹം ഒരു ജെൻ- സി ഫിലിം മേക്കർ ആണെന്നാണ് ഞാൻ കരുതുന്നത്. പുതിയ തരത്തിലുള്ളൊരു ഫിലിം മേക്കിംഗാണ് അദ്ദേഹം അദ്ദേഹത്തിന്റെ സിനിമയിൽ ചെയ്യുന്നത്. ഞാൻ അത് വളരെയധികം ആസ്വദിക്കുന്നുണ്ട്, കാരണം അദ്ദേഹത്തിന്റെ സിനിമയിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് നമുക്ക് വളരെ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. അദ്ദേഹം ഒരിക്കലും ഈ കഥാപാത്രം ഇതുപോലെ പെരുമാറണമെന്നോ അല്ലെങ്കിൽ നായകനാണെങ്കിൽ ഒരു പ്രത്യേക രീതിയിൽ പെരുമാറണം, വില്ലനാണെങ്കിൽ മറ്റൊരു രീതിയിൽ പെരുമാറണം, അങ്ങനെയുള്ള ഒരു നിർബന്ധവും അദ്ദേഹത്തിനില്ല. വളരെ സ്വതന്ത്രമായാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഞാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അത്. അതുപോലെ തന്നെയാണ് ധനുഷിനൊപ്പം ഞാൻ ചെയ്യുന്ന കുബേര എന്ന ചിത്രവും, അതിന്റെ കാര്യത്തിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ ഇപ്പോൾ സിനിമകൾ പരീക്ഷിക്കുകയാണ്.
നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി നിരവധി താരങ്ങൾ ഒത്തു ചേരുന്ന സിനിമയാണ് ലോകേഷിന്റെ കൂലി. ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. രജിനികാന്തിന്റെ അഭിനയ ജീവിതത്തിലെ 171-മത് ചിത്രമാണ് 'കൂലി'. 'ലിയോ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ റിലീസ് അടുത്ത വർഷം മെയ്യിലായിരിക്കുമെന്ന് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ഗിരീഷ് ഗംഗാധരനായിരുന്നു. അന്‍പറിവ് മാസ്റ്ററാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സജീകരിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം.