ഈശോ പേര് മാറ്റാനില്ലെന്ന് നാദിര്‍ഷ, ചെയ്താല്‍ തെറ്റായ കീഴ്‌വഴക്കമാകും

Nadhirshah has no plans to change the title of 'Eesho'
Nadhirshah has no plans to change the title of 'Eesho'
Published on

ഈശോ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. പേര് മാറ്റിയാല്‍ അതൊരു പുതിയ കീഴ്‌വഴക്കമാകുമെന്നും നാദിര്‍ഷ. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് പേര് മാറ്റേണ്ടെന്ന നാദിര്‍ഷയുടെ തീരുമാനം. 'ഈശോ' എന്ന പേര് ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിനെയും അവഹേളിക്കുന്നതാണ് എന്ന വാദവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

സിനിമയുടെ പേര് മാറ്റണമെന്നും ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ഇന്നലെ രംഗത്ത് വന്നിരുന്നു. സെക്രട്ടറിയറ്റില്‍ ഈ ആവശ്യവുമായി ധര്‍ണ നടത്താനാണ് സംഘടനയുടെ തീരുമാനം. ഈശോ എന്ന പേര് മാറ്റണമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടിരുന്നു.

സുനീഷ് വാരനാട് തിരക്കഥയെഴുതിയ ഈശോയില്‍ ജയസൂര്യയാണ് നായകന്‍. ജാഫര്‍ ഇടുക്കിയും കേന്ദ്രകഥാപാത്രമാണ്. സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ വിശ്വാസവുമായോ യേശുവുമായി ബന്ധമുള്ളതല്ലെന്ന് നാദിര്‍ഷയും തിരക്കഥാകൃത്തും വ്യക്തമാക്കിയിരുന്നു.

ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പ്

ശ്രീ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല .

Related Stories

No stories found.
logo
The Cue
www.thecue.in