ക്യാമറതലയുള്ള മനുഷ്യന്മാർ ആണ് പോസ്റ്ററിലെ പ്രധാനതാരം. അത് നാലുചുറ്റുമുണ്ട്. ഓരോ മനുഷ്യൻ്റെ തലയും ഒരു ക്യാമറ കണക്കെ അന്യൻ്റെ ജീവിതത്തിലേക്ക് തിരിയുന്നത് ഇവിടെ വ്യക്തമാക്കുന്നു.
എംത്രീഡിബി എന്ന സിനിമാ ഡാറ്റാബേസ് ഗ്രൂപ്പിൽ ജോസ് മോൻ വാഴയിൽ നടന്ന സംഭവം എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇട്ട പോസ്റ്റിലെ വാചകമാണിത്. ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളാകുന്ന നടന്ന സംഭവം എന്ന പേരിലുള്ള സിനിമ മോഷൻ പോസ്റ്റിനൊപ്പം പങ്കുവച്ചത് ചുരുളഴിക്കാനുള്ള നിരവധി സൂചനകളാണ്.
ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. സിനിമയിലെ രസകരമായ ബ്രില്ല്യൻസ് കണ്ടെത്തി ചർച്ചയാക്കുന്ന പ്രൊഫൈലുകളാണ് ഇക്കുറി സിനിമാ പോസ്റ്ററിലെ ബ്രില്ല്യൻസ് പുറത്തു കൊണ്ടുവന്നത്. അണിയറപ്രവർത്തകർ പറയാതെ പറഞ്ഞ ബ്രില്യൻസ് കണ്ടെത്തി നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
ചെവികള്‍ പൂമ്പാറ്റ രൂപത്തില്‍ പറന്നു നീങ്ങുകയും, ആളുകളുടെ തലക്ക് പകരം സിസിടിവി ക്യാമറകളും, വള്ളിച്ചെടികളില്‍ മൊട്ടായി കണ്ണുകളുമെല്ലാമുള്ള വ്യത്യസ്തമായ മോഷന്‍ പോസ്റ്റര്‍ ആണ് ചിത്രത്തിന്റേത്. ചെവികള്‍ കൊണ്ടുള്ള പൂമ്പാറ്റ ഒരു വള്ളിച്ചെടിക്ക് ചുറ്റും പറന്നു പോകെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി വെളിപ്പെടുത്തി നീങ്ങിയാണ് പോസ്റ്റര്‍ പൂര്‍ണ്ണരൂപത്തിലേക്ക് എത്തുന്നത്
മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിലരുടെ തല തന്നെ കാമറയാണ്. അൽപ്പം കുനിഞ്ഞ് ഒളിഞ്ഞുനോട്ടമെന്ന് തോന്നിപ്പിക്കും വിധമാണ് കഴുത്തിന് മുകളിൽ കാമറ പിടിപ്പിച്ച ഒരുത്തന്റെ നിൽപ്പ്. ആരെയോ കേൾക്കാനെന്ന പോലെ വള്ളിപ്പടർപ്പിൽ വിരിഞ്ഞ ചെവി പൂമ്പാറ്റ കണക്കെ പാറിപറക്കുകയാണ്. വള്ളിയിൽ കായ്ച്ചത് കായ്കളല്ല, കണ്ണുകളാണ്. തുറന്നുപിടിച്ച കണ്ണുകൾ. കണ്ണും കാതുമുള്ള വള്ളിച്ചെടി കഥാപാത്രങ്ങളിലൂടെ ഓരോ വീടുകളും കയറിയിങ്ങുകയാണ്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന വള്ളിച്ചെടി. കുടുംബ ബന്ധവും മദ്യപാനവും രതിയുമെല്ലാം വള്ളിച്ചെടികളിലൂടെ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം കുറേ വീടുകളും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നിന് മുകളിൽ ഒന്നായി നിവർത്തിയും കമിഴ്ത്തിയുമൊക്കെ വീടുകൾ പണിതുവച്ചിട്ടുണ്ട്.
സീറോ ഉണ്ണിയാണ് ടൈറ്റിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ലിജോ മോളോ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ സംവിധായകൻ കൂടിയായാ അനൂപ് കണ്ണനും രേണുവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ഗോപിനാഥന്റെതാണ് തിരക്കഥ. സിനിമാട്ടോഗ്രാഫി മനേഷ് മാധവൻ. സൈജു ശ്രീധരൻ, ടോബി ജോൺ എന്നിവരാണ് എഡിറ്റർമാർ. സംഗീതം അങ്കിത് മേനോൻ. കലാസംവിധാനം ഇന്ദുലാൽ കാവീട്. സുനിൽ ജോർജ്ജാണ് വസ്ത്രാലങ്കാരം. ശ്രീജിത്ത് ഗുരുവായൂരാണ് മേക്കപ്പ്. ഷെബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ. ചിഫ് അസോസിയേറ്റ്- സുനിത്ത് സോമശേഖരൻ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, പിആർഒ- മഞ്ജു ഗോപിനാഥ്.