മീടു മൂവ്‌മെന്റിനെ പരിഹസിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്. 'ഈ അഹങ്കാരിക്കെതിരെ ഇരകള്‍ സംസാരിക്കേണ്ട സമയമാണിത്' എന്നാണ് എന്‍.എസ് മാധവന്‍ പറഞ്ഞത്.
എന്‍.എസ് മാധവന്റെ ട്വീറ്റ്:
'കാലത്താല്‍ മായ്ക്കപ്പെടുന്നതാണ് കുറ്റകൃത്യങ്ങളെന്ന് കരുതുന്നുണ്ടെങ്കില്‍ ധ്യാനിന് തെറ്റി. ഈ അഹങ്കാരിക്കെതിരെ ഇരകള്‍ സംസാരിക്കേണ്ട സമയമാണിത്.'
'മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്' എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ മീടുവിനെ പരിഹസിച്ച് സംസാരിച്ചത്.
ധ്യാന്‍ പറഞ്ഞത്
പണ്ടൊക്കെ മീടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്.
പൊട്ടിച്ചിരിച്ചുകൊണ്ട് എന്തോ തമാശ പറയുന്ന പോലെയാണ് ധ്യാന്‍ ഇത് പറഞ്ഞതും, അഭിമുഖം ചെയ്യുന്നയാള്‍ കേട്ടിരിക്കുന്നതും. മലയാള സിനിമയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മീടു ആരോപണങ്ങളും വരുന്ന സാഹചര്യത്തിലായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശം. ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്നിരുന്നു.