'ജന ഗണ മന' ചിത്രീകരണത്തിന് എതിര്‍പ്പുമായി മൈസൂര്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും

'ജന ഗണ മന' ചിത്രീകരണത്തിന് എതിര്‍പ്പുമായി മൈസൂര്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും
Published on

മൈസൂരിലെ മഹാരാജ കോളേജില്‍ നടന്ന പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'യുടെ ചിത്രീകരണത്തിന് എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും. മൈസൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഞായാറാഴ്ച മുതലാണ് ചിത്രീകരണം ആരംഭിച്ചത്.

ക്ലാസുകള്‍ നടക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകര്‍ ചിത്രീകരണത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണം. കോടതി രംഗമാണ് ക്യാംപസില്‍ ചിത്രീകരിച്ചത്. സര്‍വകലാശാലയുടെ അനുമതി പ്രകാരമാണ് ചിത്രീകരണം നടന്നത്. എന്നാല്‍ അധ്യയനദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്.

അതേസമയം അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അധ്യാപകര്‍ അറിയിച്ചു. എന്നാല്‍ പ്രശ്നം കോളേജിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് കാണിച്ച് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഇടപ്പെട്ടില്ല. ക്ലാസുകള്‍ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണം നടക്കുന്നതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ശിവപ്പ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in